ദില്ലി: കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയിലെ ചൈനയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രിയും സായുധ സേന തലവന്മാരും തമ്മില്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ചൈനീസ് പ്രകോപനം തുടരുന്ന പശ്ചാത്തലത്തില്‍ എന്തിനും തയ്യാറാവാന്‍ സൈന്യത്തിന് പ്രതിരോധമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. യോഗത്തില്‍ സായുധസേന മേധാവികള്‍ക്കാണ് പ്രതിരോധമന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ തിരിച്ചടിക്കാന്‍ തയ്യാറാവണമെന്നാണ് നിര്‍ദ്ദേശം. ഇതിന് പിന്നാലെ അതിര്‍ത്തിയിലെ നിയന്ത്രണരേഖയിലെ ഇടപെടല്‍ രീതിയില്‍ മാറ്റം വരുത്താന്‍ ഇന്ത്യന്‍ സൈന്യം ഒരുങ്ങുന്നു. അതിര്‍ത്തിയില്‍ അസാധാരാണമായ സാഹചര്യം ഉണ്ടായാല്‍ തോക്കുകളുടെ ഉപയോഗം അനുവദിക്കുന്നതിന് ഫീല്‍ഡ് കമാന്‍ഡര്‍മാരെ അധികാരപ്പെടുത്തിക്കൊണ്ടാണ് രീതിയില്‍ മാറ്റം വരുത്തിയിരിക്കുന്നത്.

ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം ഉണ്ടാകുന്ന സമയംവരെ 1996ലും 2005ലും ഒപ്പുവച്ച കരാറുകള്‍ അനുസരിച്ചായിരുന്നു ഇന്ത്യന്‍ സൈന്യം ഇടപെട്ടത്. ഇന്ത്യയും ചൈനയും പരസ്പരം വെടിയുതിര്‍ക്കുകയോ നിയന്ത്രണ രേഖയുടെ ഇരുവശത്ത് നിന്നോ സ്‌ഫോടക വസ്തുക്കള്‍, തോക്കുകള്‍ എന്നിവ ഉപയോഗിക്കില്ലെന്നായിരുന്നു കരാര്‍. എന്നാല്‍ സൈനികരുടെ ജീവന്‍ നഷ്ടമായതോടെയാണ് ഇടപെടല്‍ രീതിയില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത്.

അതേസമയം, ചൈനീസ് പ്രകോപനം തുടരുന്ന പശ്ചാത്തലത്തില്‍ എന്തിനും തയ്യാറാവാന്‍ സൈന്യത്തിന് പ്രതിരോധമന്ത്രി നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. യോഗത്തില്‍ സായുധസേന മേധാവികള്‍ക്കാണ് പ്രതിരോധമന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ തിരിച്ചടിക്കാന്‍ തയ്യാറാവണമെന്നാണ് നിര്‍ദ്ദേശം. കര, നാവിക, വ്യോമ തലത്തില്‍ നിരീക്ഷണം ശക്തമാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതിനെതിരെ ചൈന രംഗത്തെത്തിയിട്ടുണ്ട്. കരാറിന്റെ ലംഘനമാണ് ഇതെന്ന് ചൈനീസ് സര്‍ക്കാരിന്റെ മുഖപത്രമായ ഗ്ലോബല്‍ ടൈംസിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ഹു ഷിജിന്‍ പറഞ്ഞു. അത്തരം നടപടികള്‍ക്ക് ഇന്ത്യന്‍ സൈന്യം കനത്ത വില നല്‍ക്കേണ്ടിവരുമെന്നും അദ്ദേഹം മുഖപത്രത്തില്‍ വ്യക്തമാക്കി.

അതിര്‍ത്തിയില്‍ ചൈന ഏത് തരം പ്രകോപനം സൃഷ്ടിച്ചാലും അത് നേരിടാന്‍ സേനയ്ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിരോധമന്ത്രി വിളിച്ച്‌ ചേര്‍ത്ത യോഗത്തില്‍ മൂന്ന് സൈനിക മേധാവിമാരോടൊപ്പം സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും പങ്കെടുത്തിരുന്നു.

അതിര്‍ത്തിയില്‍ ചൈനീസ് അതിക്രമിച്ച്‌ കയറിയ സ്ഥലങ്ങളില്‍ നിന്ന് പിന്നോട്ട പോയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നുണ്ടെങ്കിലും ഗല്‍വാന്‍ താഴ്വരയുടെ മേല്‍ ചൈന ഉയര്‍ത്തിയ അവകാശവാദം പിന്‍വലിക്കുന്നതുവരെ സൈനിക നടപടികളുമായി മുന്നോട്ട് പോകണമെന്നാണ് യോഗത്തില്‍ തീരുമാനമായത്. അതേസമയം, അതിക്രമിച്ച്‌ കയറിയ പ്രദേശത്ത് ചൈന നിര്‍മ്മിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൊളിച്ചുമാറ്റിയിട്ടില്ല. ഇതിന് ഇന്ത്യന്‍ സൈനികര്‍ ശ്രമിച്ചപ്പോഴാണ് സംഘര്‍ഷമുണ്ടയതെന്നാണ് സൂചന.