ഐപിഎല്ലിലെ തുടര്‍ച്ചയായ രണ്ട് അര്‍ദ്ധ സെഞ്ച്വറികള്‍, രണ്ട് കളിയിലും ടീം നേടിയ ത്രസിപ്പിക്കുന്ന വിജയം. മലയാളി താരം സഞ്ജു സാംസണിനെ ക്രിക്കറ്റ് ലോകം അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ്. അതോടൊപ്പം തന്നെ ശശിതരൂര്‍ എംപി ട്വിറ്ററില്‍ തുടങ്ങിവെച്ച അടുത്ത ധോണിയാണ് സഞ്ജുവെന്ന അഭിപ്രായവും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. നേരത്തെ മുന്‍ ഇന്ത്യന്‍ താരവും എംപിയുമായ ​ഗൗതം ​ഗംഭീര്‍ ഇത്തരം താരതമ്യപ്പെടുത്തലുകള്‍ക്കെതിരെ രം​ഗത്ത് വന്നിരുന്നു. ഇപ്പോള്‍ ഇതാ, സഞ്ജുവിന് മുന്‍പ് മലയാളികളുടെ പ്രിയതാരമായ എസ് ശ്രീശാന്താണ് സഞ്ജുവിനെ അഭിനന്ദിച്ചും താരതമ്യപ്പെടുത്തലുകള്‍ക്കുമെതിരെ വന്നത്.

ഈ രണ്ട് ഇന്നിങ്സുകള്‍ മാത്രമല്ല, എപ്പോഴും സഞ്ജു നന്നായി കളിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ശ്രീശാന്ത് പറയുന്നു. അനേകം റെക്കോര്‍ഡുകള്‍ തകര്‍ത്ത് രാജ്യത്തിനായി നിരവധി ലോകകപ്പുകള്‍ സഞ്ജു നേടും. അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങള്‍ വരാനിരിക്കുന്നതേയുളളൂ. അതുകൊണ്ട് ദയവുചെയ്ത് സഞ്ജുവിനെ ആരുമായും താരതമ്യപ്പെടുത്തരുതെന്നും ശ്രീശാന്ത് വ്യക്തമാക്കുന്നു.

ഇന്നലെ കിം​ഗ്സ് ഇലവന്‍ പഞ്ചാബ് ഉയര്‍ത്തിയ 224 എന്ന ലക്ഷ്യം സഞ്ജു സാംസണ്‍, സ്റ്റീവ് മിത്ത്, രാഹുല്‍ തേവാട്ടിയ എന്നിവരുടെ അര്‍ദ്ധസെഞ്ചുറികളുടെ മികവിലാണ് രാജസ്ഥാന്‍ മറികടന്നത്. കളിയിലെ താരമായി സഞ്ജുവിനെയായിരുന്നു തിരഞ്ഞെടുത്തത്. ചെന്നൈയ്ക്കെതിരായ മത്സരത്തില്‍ 74 റണ്‍സ് നേടിയ സഞ്ജു ഇന്നലെ 85 റണ്‍സാണ് അടിച്ച്‌ കൂട്ടിയത്. ഐപിഎല്ലില്‍ 100 ലേറെ സിക്സറുകള്‍ എന്ന നേട്ടവും ഇന്നലത്തെ മത്സരത്തോടെ സഞ്ജു കരസ്ഥമാക്കി.

രാജസ്ഥാന്‍ റോയല്‍സിന്റെ ജയത്തിന് പിന്നാലെയാണ് അടുത്ത ധോണിയാണ് സഞ്ജുവെന്ന് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷമായി തനിക്ക് സഞ്ജുവിനെ അറിയാം. 14 വയസുളളപ്പോള്‍ സഞ്ജുവിനോട്, അടുത്ത ധോണിയായി ഒരു ദിവസം നീ മാറുമെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ ഐപിഎല്ലിലെ രണ്ട് ഇന്നിങ്സിലൂടെ ഒരു ലോകോത്തര ക്രിക്കറ്റ് താരം വരവറിയിച്ചു എന്നുമാണ് തരൂര്‍ കുറിച്ചത്. അതേസമയം തരൂരിന്റെ ട്വീറ്റ് പങ്കുവെച്ച ​ഗംഭീര്‍, സഞ്ജു സാംസണ്‍ ആരുടെയും അടുത്ത ആളാകേണ്ട. ഇന്ത്യന്‍ ക്രിക്കറ്റിന്റെ സഞ്ജു സാംസണായാല്‍ മതിയെന്നാണ് വിശദമാക്കിയത്.