കൊവിഡിനെ തുടർന്ന് ദുരിതമനുഭവിച്ചവർക്ക് സഹായം എത്തിച്ച് നൽകി വാർത്തകളിൽ നിറഞ്ഞു നിന്ന വ്യക്തിത്വങ്ങളിൽ ഒരാളാണ് ബോളിവുഡ് നടൻ സോനു സൂദ്.
ഇപ്പോഴിതാ മൊബൈൽ നെറ്റ് വർക്ക് കാര്യക്ഷമമല്ലാത്തതിനാൽ ഓൺലൈൻ പഠനം മുടങ്ങിയ ഒരു കൂട്ടം വിദ്യാർത്ഥികൾക്ക് ടവർ സ്ഥാപിച്ച് നൽകിയാണ് സോനു സൂദ് വാർത്തയിൽ നിറയുന്നത്.
ഹരിയാനയിലെ മോർനിയിലുള്ള ദാപന ഗ്രാമത്തിലെ സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് സോനു സൂദ് ടവർ സ്ഥാപിച്ച് നൽകിയത്.
നെറ്റ് വർക്ക് മോശമായതിനെ തുടർന്ന് വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം മുടങ്ങുന്നത് സമൂഹ മാധ്യമങ്ങളിലൂടെയാണ് സോനു അറിയുന്നത്. മാത്രമല്ല, നെറ്റ് വർക്ക് മോശമായതിനെ തുടർന്ന് മരത്തിൽ കയറി ഇരുന്ന് പഠിക്കുന്ന വിദ്യാർത്ഥിയുടെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
സോനു സൂദിനൊപ്പം സുഹൃത്ത് കരൺ ജിൽഹോത്രയും ടവർ സ്ഥാപിക്കാൻ പങ്കു ചേർന്നിരുന്നു. ഇൻഡുസ് ടവേഴ്‌സിന്റെയും എയർടെല്ലിന്റെയും സഹായത്തോടെയാണ് ടവർ ഗ്രാമത്തിൽ സ്ഥാപിച്ചത്.