• അനിൽ മറ്റത്തികുന്നേൽ

ന്യൂയോർക്ക്: നോർത്ത് അമേരിക്കൻ മലയാളി സമൂഹത്തിന്റെ സ്വീകരണമുറികളുടെ ഭാഗമായികൊണ്ട് കഴിഞ്ഞ 17 വര്ഷങ്ങളായി തുടർച്ചയായി അമേരിക്കയിൽ നിന്നും നിർമ്മിക്കപ്പെടുന്ന ഏഷ്യാനെറ്റിലെ യു എസ്  വീക്കിലി റൌണ്ട് അപ്പിന്റെ  830  മത്തെ എപ്പിസോഡ് നോർത്ത് അമേരിക്കയിൽ വെള്ളിയാഴ്ച്ച  9:30 PM ന്യൂയോർക്ക് സമയത്തിലും, ഇന്ത്യയിൽ  ശനിയാഴ്ച്ച 7am നും പ്രക്ഷേപണം ചെയ്യപ്പെടുന്നു. 830 മത്  എപ്പിസോഡിലേക്ക് കടക്കുമ്പോൾ, ഈ കോവിഡ് കാലത്ത് പൊതുജനത്തിന് ഉപകാരപ്രദമായ വിവരങ്ങൾ ലഭ്യമാക്കികൊണ്ടും, കോവിഡിന്റെ പ്രതിരോധത്തിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരെ ആദരിച്ചുകൊണ്ടും,  കോവിഡ് 19 നെ ആധാരമാക്കി നടത്തപെടുന്ന  8 മത് പ്രത്യേക എപ്പിസോഡ് എന്ന പ്രത്യേകതകൂടിയുണ്ട്. ലൈഫ് & ഹെൽത്ത് എന്ന സെഗ്മന്റിലൂടെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ, നേഴ്‌സുമാർ എന്നിവരെ കൂടാതെ, റെസ്പറ്റോറി തെറാപ്പിസ്റ്റുകൾ, റേഡിയോളജി ടെക്നിഷ്യന്മാർ എന്നിവരെയുംകൂടി ഉൾപ്പെടുത്തി പരിപാടികൾ അവതരിപ്പിക്കപ്പെട്ട വ്യത്യസ്‍തകൂടി റൌണ്ട് അപ്പിന് സ്വന്തമായുണ്ട്. ഈ ആഴ്ചയിൽ ഫിലാഡൽഫിയയിലെ ഇൻഫെക്ഷ്യസ് ഡിസീസ് സെപ്ഷ്യലിസ്റ് ഡോ ശ്രീതി സരസ്വതിയും , ചിക്കാഗോയിലെ നോർത്ത് വെസ്റ്റേൺ മെഡിസിനിലെ ഡോ ധ്രൂവൽ പാണ്ട്യയും  കോവിഡുമായി ബന്ധപ്പെട്ട വിലയേറിയ വിവരങ്ങൾ പങ്കുവെക്കുവാൻ എത്തുന്നു.

പ്രവാസി മലയാളിയെ മലയാളവുമായി ബന്ധപ്പെടുത്തിയ ആദ്യ മലയാളം ചാനലായ ഏഷ്യാനെറ്റിൽ 17  വർഷങ്ങൾക്ക് മുൻപ് യു എസ് വീക്കിലി റൌണ്ട് അപ്പ്‌ എന്ന ഈ പ്രതിവാര പരിപാടി ആരംഭിച്ചപ്പോൾ, അത്  നോർത്ത് അമേരിക്കൻ മലയാളി സമൂഹത്തിലെ വാർത്തകളും വിശേഷങ്ങളും മുഖ്യധാരാ വർത്തകളോടൊപ്പം ലോകമെമ്പാടും എത്തിക്കുക എന്ന ലക്‌ഷ്യം മുന്നിൽ കണ്ടു കൊണ്ടായിരുന്നു.  ഇന്ന് ഡിസ്‌നി ഇന്ത്യയുടെ മാനേജരായികൊണ്ട് മലയാളി മാധ്യമ പ്രവർത്തകരുടെ അഭിമാനമായി പ്രവർത്തിക്കുന്ന ശ്രീ കെ മാധവന്റെ ദീർഘവീഷണത്തിന്റെ നേർക്കാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ അനുഗ്രഹാശിസുകളോടെയും നിർദേശങ്ങൾക്കനുസരിച്ചും ആരംഭിച്ച ഈ പരിപാടി.  ഏഷ്യാനെറ്റിലെ സീനിയർ പ്രൊഡ്യൂസർ ശ്രീ എം ആർ രാജൻ ചീഫ് പ്രൊഡ്യൂസർ ആയും ശ്രീ സുരേഷ് ബാബു ചെറിയത്ത് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയും മുന്നോട്ട് പോകുന്ന ഈ പ്രതിവാര പരിപാടിക്ക്,   ഏഷ്യാനെറ്റിന്റെ യു എസ്  & ക്യാനഡാ  പ്രോഗ്രാം ഡയറക്ടർ ആയ രാജു പള്ളത്ത് പ്രൊഡ്യൂസർ ആയും , മാത്യു വർഗ്ഗീസ് ഓപ്പറേഷൻസ് മാനേജരായും, ഡോ കൃഷ്ണ കൃഷോർ എക്സിക്യൂട്ടീവ് ന്യുസ് എഡിറ്ററായും നേതൃത്വം നൽകുന്നു.

ദേശീയ തലത്തിൽ വളരെ സുസജ്‌ജമായ ഒരു ടീമാണ് റൌണ്ട് അപ്പിന് വേണ്ടി പ്രവർത്തിക്കുന്നത്.  എപ്പിസോഡുകളുടെ ഏകോപനവും സ്റ്റുഡിയോ സജ്ജീകരണങ്ങളും  ന്യൂയോർക്കിൽ  നിന്നും ഷിജോ പൗലോസും ചിക്കാഗോയിൽ നിന്ന് അനിൽ മറ്റത്തികുന്നേലും നിർവ്വഹിക്കുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജനപ്രീതിയാര്ജിച്ച ലൈഫ് & ഹെൽത്ത് സെഗ്മെന്റിന് ചുക്കാൻ പിടിക്കുന്നത് ചിക്കാഗോയിൽ നിന്നും ഡോ സിമി ജെസ്റ്റോയും അനിൽ മറ്റത്തികുന്നേലും ചേർന്നാണ്. ഇത് കൂടാതെ ഡാളസ്, കാലിഫോർണിയ, ഹൂസ്റ്റൺ, താമ്പാ, ടൊറന്റോ, ഫിലാഡൽഫിയ, പെൻസൽവാനിയ തുടങ്ങി അമേരിക്കൻ മലയാളി സമൂഹത്തിന്റെ സാന്നിധ്യം ഉള്ള നഗരങ്ങളിലെല്ലാം തന്നെ സുസജ്‌ജമായ ടീമുകൾ റൗണ്ട് അപ്പിന്റെ പ്രക്ഷേപണത്തിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിച്ചുവരുന്നു.

ഈ കോവിഡ് കാലത്ത്, യു  എസ് വീക്കിലി റൌണ്ട് അപ്പ്,‌ ജനോപകാരപ്രദമായ  വിശേഷങ്ങളുമായി  830 മത്തെ എപ്പിസോഡിൽ എത്തിനിൽക്കുമ്പോൾ, നിറഞ്ഞ ചാരിതാർഥ്യത്തോടെയും അഭിമാനത്തോടെയുമാണ് ഈ പരിപാടിയെ ജനങ്ങൾക്കായി സമർപ്പിക്കുന്നത് എന്ന് യു എസ് &  കാനഡാ പ്രോഗ്രാം ഡയറക്ടർ ശ്രീ രാജു പള്ളത്ത് അറിയിച്ചു. ഈ പരിപാടിയുടെ വിജയത്തിനായി അക്ഷീണം യത്നിക്കുന്ന ടീം അംഗങ്ങൾക്കും, റൌണ്ട് അപ്പ്‌ ടീമിനെ ഹൃദയപ്പൂർവം പിന്തുണക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും പ്രേക്ഷകർക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം അറിയിച്ചു. ഏഷ്യാനെറ്റ് യു എസ് വീക്കിലി റൌണ്ട് അപ്പിന് വേണ്ടി ഓപ്പറേഷൻ മാനേജർ മാത്യു വർഗ്ഗീസ് അറിയിച്ചതാണിത്.