• മൊയ്തീന്‍ പുത്തന്‍‌ചിറ

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ഒരു നഴ്സിംഗ് ഹോമിലെ 46 അന്തേവാസികള്‍ കോവിഡ്-19 ബാധിച്ച് മരിച്ചുവെന്ന് ഫെസിലിറ്റി വക്താവ് പറഞ്ഞു. അടുത്തിടെയുണ്ടായ 52 മരണങ്ങളില്‍ വൈറസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും വക്താവ് പറഞ്ഞു.

ന്യൂയോര്‍ക്ക് സിറ്റിയിലെ വാഷിംഗ്ടണ്‍ ഹൈറ്റ്സ് പരിസരത്തെ മെട്രോപൊളിറ്റന്‍ ജ്യൂയിഷ് ഹെല്‍ത്ത് സിസ്റ്റത്തിന്റെ (എം.ജെ.എച്ച്.എസ്) കീഴില്‍ പ്രവര്‍ത്തിക്കുന്ന 705 കിടക്കകളുള്ള നഴ്സിംഗ് ഹോം സൗകര്യമുള്ള ഇസബെല്ല ജെറിയാട്രിക് സെന്‍ററില്‍ നൂറോളം അന്തേവാസികള്‍ കോവിഡ്-19 ബാധയേറ്റ് മരിച്ചു എന്ന് പ്രാദേശിക വാര്‍ത്താ മാധ്യമമായ എന്‍.വൈ1 വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തതോടെയാണ് വിവരങ്ങള്‍ പുറത്തറിഞ്ഞത്. എന്നാല്‍, മരണത്തെക്കുറിച്ച് സംസ്ഥാനത്തൊട്ടാകെയുള്ള റിപ്പോര്‍ട്ടുകളില്‍ ഇസബെല്ലയില്‍ 13 മരണങ്ങള്‍ മാത്രമാണ് കാണിച്ചത്.

എംജെഎച്ച്എസിലെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ലയോള പ്രിന്‍സിവില്‍-ബാര്‍നെറ്റ് ഇസബെല്ല ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വ്യാഴാഴ്ച അയച്ച കത്തില്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസബെല്ലയില്‍ കോവിഡുമായി ബന്ധപ്പെട്ട മരണങ്ങളെക്കുറിച്ച് അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കുന്ന സംഖ്യകള്‍ അസ്വസ്ഥരാക്കുമെന്നും കത്തില്‍ പറയുന്നു.

കോവിഡ്-19 പോസിറ്റീവ് ആയ 20 അന്തേവാസികള്‍ ബുധനാഴ്ച നഴ്സിംഗ് ഹോമില്‍ മരിക്കുകയും അണുബാധയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മറ്റൊരു 26 പേര്‍ ആശുപത്രിയില്‍ വെച്ച് മരിക്കുകയും ചെയ്തു എന്ന് വെള്ളിയാഴ്ച എംജെ‌എച്ച്‌എസ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ഓഡ്രി വാട്ടേഴ്സ് മാധ്യമങ്ങളോടു പറഞ്ഞു.

വെള്ളിയാഴ്ച നടന്ന ഒരു വാര്‍ത്താ സമ്മേളനത്തില്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ബില്‍ ഡി ബ്ലാസിയോ ഇസബെല്ലയിലെ സ്ഥിതി ഭയാനകമാണെന്ന് പറഞ്ഞു. ഞങ്ങള്‍ ഇപ്പോള്‍ കേള്‍ക്കുന്നത് അമ്പരപ്പിക്കുന്ന റിപ്പോര്‍ട്ട് ആണെന്നും ഞെട്ടലുളവാക്കി എന്നും അദ്ദേഹം പറഞ്ഞു.

എല്ലാ മരണങ്ങളും ന്യൂയോര്‍ക്ക് സംസ്ഥാന ആരോഗ്യ വകുപ്പിന് ഉചിതമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വാട്ടേഴ്സ് നല്‍കിയ പ്രസ്താവനയില്‍ പറയുന്നു. നഴ്സിംഗ് ഹോമിലും ആശുപത്രിയിലും നടന്ന മരണമടക്കം സ്ഥിരീകരിച്ചതും അനുമാനിക്കപ്പെടുന്നതുമായ പോസിറ്റീവ് കേസുകളുടെ എണ്ണം ഞങ്ങള്‍ ദിവസേന സംസ്ഥാന ആരോഗ്യ വകുപ്പുമായി പങ്കുവെച്ചിട്ടുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു. ജീവനക്കാര്‍ക്ക് വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ സുരക്ഷിതമാക്കാന്‍ നഗരത്തിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് വാട്ടേഴ്സ് പറഞ്ഞു. ഇസബെല്ല ജെറിയാട്രിക് സെന്ററിന് 12,000 എന്‍ 95 മാസ്കുകള്‍ നഗരം വിതരണം ചെയ്തതായി ഡി ബ്ലാസിയോ വാര്‍ത്താ സമ്മേളനത്തില്‍ സ്ഥിരീകരിച്ചു.

പകര്‍ച്ചവ്യാധി യുഎസിലുടനീളം പടരാന്‍ തുടങ്ങിയതു മുതല്‍ ഇസബെല്ല പോലുള്ള നഴ്സിംഗ് ഹോമുകള്‍ കോവിഡ്-19 ഹോട്ട് സ്പോട്ടുകളായി ഉയര്‍ന്നുവന്നിരുന്നു. മെരിലാന്‍ഡ് പൊതുജനാരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ മൊത്തം കോവിഡ്-19 മരണങ്ങളില്‍ പകുതിയും നഴ്സിംഗ് ഹോമുകളിലാണെന്ന് പറയുന്നു. വാഷിംഗ്ടണ്‍ സ്റ്റേറ്റിലും നഴ്സിംഗ് ഹോമുകള്‍ വൈറസിന്‍റെ ആദ്യകാല ഹോട്ട് സ്പോട്ടുകളായിരുന്നു. ഏപ്രില്‍ ആദ്യം തന്നെ കോവിഡ്-19 കുറഞ്ഞത് 163 നഴ്സിംഗ് ഹോമുകളിലേക്ക് വ്യാപിച്ചതായി സിയാറ്റില്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഈ ഭയാനകമായ വൈറസ് ബാധിച്ച എല്ലാ രോഗികളോടും കുടുംബങ്ങളോടും ഞങ്ങളുടെ പ്രാര്‍ത്ഥന ഉണ്ടെന്ന് വാട്ടേഴ്സിന്റെ പ്രസ്താവനയില്‍ പറഞ്ഞു. ‘നഴ്സിംഗ് ഹോമുകളിലെ താമസക്കാരെ അക്ഷരാര്‍ത്ഥത്തില്‍ ലക്ഷ്യമിടുന്ന ഒരു ദുരന്തമാണ് കോവിഡ് 19. ദുര്‍ബലരും പ്രായമായവരും ഒന്നിലധികം ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവരും ഒരേ മേല്‍ക്കൂരയില്‍ ഒരുമിച്ച് താമസിക്കുന്നവരാണ്,’ വാട്ടേഴ്സ് പറഞ്ഞു.