തിരുവനന്തപുരം: തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തിന്റെ പ്രഭാവത്താല്‍ കേരളത്തില്‍ രണ്ട് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വടക്കന്‍ കേരളത്തിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ഇന്ന് രാത്രിയോടെആന്ധ്രാ പ്രദേശിലെ നരസ്പുരിനും വിശാഖപ്പട്ടണത്തിനും ഇടയില്‍ ന്യൂനമര്‍ദം കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.ഒഡീഷ, തീരദേശ ആന്ധ്ര, ബംഗാള്‍, തെലങ്കാന സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു.
ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.ഇവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ 24 മണിക്കൂറില്‍ 11 സെന്റീമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത. കേരള തീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ ഒക്ടോബര്‍ 14ഓടെ വീണ്ടും പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ തുടര്‍ ന്യൂനമര്‍ദ്ദങ്ങള്‍ കാലവര്‍ഷം പിന്‍വാങ്ങുന്നതിന് കാരണമാകുകയും, തുലാവര്‍ഷത്തിന്റെ വരവും വൈകിപ്പിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.
ബുധനാഴ്ച വരെ ആന്‍ഡമാന്‍ കടലില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടിത്തക്കാര്‍ ഈ ഭാഗങ്ങളിലേക്കു പോകരുതെന്നും നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കി.