കനത്ത മഴയെ തുടര്‍ന്ന് പമ്പ ഡാമില്‍ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. ശക്തമായ മഴ ജില്ലയിലുടനീളം പെയ്യുന്നുണ്ട്.

കെഎസ്ഇബി ലിമിറ്റഡിന്റെ അധീനതയിലുള്ള പമ്പ ഡാമിന്റെ പരമാവധി ജലനിരപ്പ് 986.33 മീറ്ററാണ്. പമ്പ ഡാമില്‍ നീല, ഓറഞ്ച്, റെഡ് അലേര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത് യഥാക്രമം 982.00 മീറ്റര്‍, 983.50 മീറ്റര്‍, 984 .50 മീറ്റര്‍ ജലനിരപ്പ് എത്തിച്ചേരുമ്പോഴാണ്.

ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും, ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനാലുമാണ് ഡാമില്‍ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പമ്പാ നദിയുടെയും കക്കാട്ടാറിന്റെ ഇരുകരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം.

റിസര്‍വോയറിലെ ജലനിരപ്പ് 983.50 മീറ്റര്‍ എത്തിച്ചേരുന്ന സാഹചര്യത്തില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കും. ജലനിരപ്പ് 984.50 മീറ്റര്‍ എത്തിച്ചേരുന്ന സാഹചര്യത്തില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കും.