പല്ലില്ലാത്ത ചിരിയും വേറിട്ട ശബ്ദവുമായി ലോകസിനിമയില്‍ ഇടംപിടിച്ച നടനായിരുന്നു ശശി കലിംഗ. മലയാള സിനിമക്ക് നിരവധി ഹാസ്യതാരങ്ങളെ സമ്മാനിച്ച കോഴിക്കോടിന്റെ മണ്ണില്‍നിന്ന് തുടങ്ങി ലോകപ്രശസ്ത സംവിധായകന്‍ സ്പീല്‍ബര്‍ഗിന്റെ സിനിമയില്‍ വരെയെത്തി ശശിയുടെ അഭിനയ ജീവിതം.

സ്പീല്‍ബര്‍ഗിന്റെ ടോം ക്രൂസ് നായകനാവുന്ന ചിത്രത്തില്‍ ബൈബിളിലെ യൂദാസ് ആയിട്ടായിരുന്നു വേഷം. മലയാളത്തില്‍ ആര്‍ക്കും കിട്ടാത്ത അവസരമാണ് ശശിയെ തേടിയെത്തിയത്. ഈ സിനിമയില്‍ തന്റെ വേഷം കാണാതെയാണ് ഇദ്ദേഹം മരണത്തിലേക്ക് യാത്രയാവുന്നത്.

ഉറച്ച ശബ്ദഗാംഭീരമോ ആകാരഭംഗിയോ ഇല്ലാതെ രണ്ടര പതിറ്റാണ്ട് ഈ നടന്‍ അരങ്ങിലും വെള്ളിത്തിരയിലും വിലസി. ഹാസ്യവേഷങ്ങളായിരുന്നു മിക്കതും. സീരിയസ് വേഷങ്ങളിലും തിളങ്ങി. 25 വര്‍ഷം അരങ്ങ് നല്‍കിയ കരുത്തുമായാണ് ശശി വെള്ളിത്തിരയിലെത്തിയത്. 1998 ല്‍ തകരച്ചെണ്ട എന്ന ചിത്രത്തിലൂടെ പളനിച്ചാമിയെന്ന ആക്രി കച്ചവടക്കാരന്റെ വേഷവുമായാണ് അരങ്ങേറ്റം.

രഞ്ജിത്ത് സംവിധാനംചെയ്ത പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിലെ പൊലീസ് ഓഫീസറായി വന്ന ശശിയെ പ്രേക്ഷകര്‍ ശ്രദ്ധിച്ചു. എന്നാല്‍ ശബ്ദംനല്‍കിയത് മറ്റൊരാളായിരുന്നു. പിന്നീടുള്ള ചിത്രങ്ങളിലെല്ലാം ശശിയുടെ ശബ്ദം കേട്ടു. പ്രാഞ്ചിയേട്ടനിലെ ഇയ്യപ്പനും ഇടുക്കി ഗോള്‍ഡിലെ ശവവും പുലിമുരുകനിലെ കച്ചവടക്കാരനും അദ്ദേഹം ഭദ്രമാക്കി.

കലിംഗ തിയേറ്റേഴ്സിന്റെ ഭാഗമല്ലായിരുന്നു ശശി. പാലേരി മാണിക്യത്തില്‍ സംഭവിച്ച ഒരു ചെറിയ പിശകാണ് ശശി കലിംഗ എന്ന പേരായി മാറിയത്. പേര് മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും രാശിയുള്ള പേര് മാറ്റേണ്ട എന്ന് സംവിധായകന്‍ രഞ്ജിത്താണ് നിര്‍ദേശിച്ചത്. അങ്ങനെയാണ് കലിംഗയുടെ നാടകത്തില്‍ അഭിനയിക്കാതെ ആ നാടക തിയേറ്ററിന്റെ പേര് ഒപ്പം ചേര്‍ത്തത്.