തിരുവനന്തപുരം: മധ്യ-പശ്ചിമ അറബിക്കടലില്‍ യെമന്‍-ഒമാന്‍ തീരത്തോട് അടുത്ത് രൂപം കൊണ്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ചു കൊണ്ട് ശക്തമായ ന്യൂനമര്‍ദം (Depression) ആയി മാറിയിരിക്കുന്നെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടുതല്‍ ശക്തി പ്രാപിച്ച്‌ അടുത്ത 12 മണിക്കൂറില്‍ തീവ്രന്യൂനമര്‍ദമായി (Deep Depression) ആയി മാറിക്കൊണ്ട് വടക്ക്-പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

2020 മെയ് 31 നോട് കൂടി കേരള തീരത്തിനടുത്തായി തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ന്യൂനമര്‍ദം രൂപപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ശക്തമായ മഴ അടുത്ത 5 ദിവസം തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായി നിരോധിച്ചിരിക്കുകയാണ്.