പാലക്കാട്: ജില്ലയില്‍ കൊവിഡ് രോഗം ഭേദമായ നാല് പേര്‍ ആശുപത്രി വിട്ടു. തുടര്‍ച്ചയായ രണ്ട് പരിശോധനകളിലും കൊവിഡ് നെഗറ്റീവായതോടെയാണ് ഇവരെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചത്. രണ്ടാഴ്ച കൂടി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ ശേഷം മാത്രമേ ഇവര്‍ക്ക് പുറത്തിറങ്ങാനാകൂ.

പാലക്കാട് ജില്ലയില്‍ ഏഴ് പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ നാല് പേരാണ് രോഗം ഭേദമായി ഇന്ന് ആശുപത്രി വിട്ടത്. ഇനി മൂന്നു പേര്‍ കൂടി പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഇവരുടെയും ആരോഗ്യനില തൃപ്തികരമാണ്.

മാര്‍ച്ച്‌ 24 ന് കൊവിഡ് 19 ബാധ സ്ഥിരീകരിച്ച ഒറ്റപ്പാലം സ്വദേശിയും മാര്‍ച്ച്‌ 25ന് കൊവിഡ് സ്ഥിരീകരിച്ച കാരാകുറിശ്ശി സ്വദേശിയും മാര്‍ച്ച്‌ 28 ന് രോഗം കണ്ടെത്തിയ കിഴക്കഞ്ചേരി സ്വദേശിയും ഏപ്രില്‍ ഒന്നിന് രോഗം സ്ഥീരീകരിച്ച ചാലിശ്ശേരി സ്വദേശിയുമാണ് കൊവിഡ് ഭേദമായി ഐസൊലേഷന്‍ വാര്‍ഡിന് പുറത്തെത്തിയത്. ആംബുലന്‍സുകളില്‍ തന്നെ ഇവരെ വീടുകളിലേക്ക് അയച്ചു.

ജില്ലയില്‍ 16392 പേരാണ് നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരില്‍ 29 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 2 പേര്‍ വീതം ഒറ്റപ്പാലം, മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലും ചികിത്സയിലുണ്ട്.