പാലാരിവട്ടത്ത് ഗതാഗത നിയന്ത്രണം. പാലാരിവട്ടം പാലം പൊളിക്കൽ ജോലികൾ രണ്ടാം ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.
പാലത്തിന്റെ അണ്ടർ പാസേജ് അടച്ചിട്ടുണ്ട്. എന്നാൽ പാലത്തിന് സമാന്തരമായുള്ള ദേശീയ പാതയിൽ നിയന്ത്രണമില്ല. സർവീസ് റോഡുകളിൽ പാർക്കിങ്ങ് അനുവദിക്കില്ല. ഒരാഴ്ച പരീക്ഷണാടിസ്ഥാനത്തിലുള്ള നിയന്ത്രണം ഏർപ്പെടുത്തും. പഠിച്ച ശേഷം ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്ന് ഡിസിപി ജി. പൂങ്കുഴലി പറഞ്ഞു.
പാലാരിവട്ടം സിഗ്നലിന് ഇരുവശത്തും ദേശീയ പാതയിൽ 700 മീറ്റർ സഞ്ചരിച്ചാൽ യു ടേൺ എടുക്കാൻ സൗകര്യമുണ്ടാകും. സിഗ്നലിൽ തിരക്കൊഴിവാക്കാൻ രണ്ട് വഴികൾ കൂടി ട്രാഫിക് പൊലീസ് നിർദേശിക്കുന്നുണ്ട്. കാക്കനാട് നിന്ന് വരുന്നവർക്ക് ഈച്ചമുക്കിൽ നിന്ന് തിരിഞ്ഞ് വെണ്ണല എത്തി പുതിയ റോഡ് വഴി ചക്കരപ്പറമ്പിലൂടെ എറണാകുളത്തേക്ക് പോകാം. എറണാകുളത്ത് നിന്ന് കാക്കനാടേക്ക് പോകുന്നവർക്ക് ഇടപ്പള്ളിയിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് ഒബ്രോൺ മാളിന് സമീപത്തു കൂടി തൃപ്പൂണിത്തുറ റോഡിലൂടെ പാടിവട്ടത്ത് എത്താം.
പരിഷ്കരിച്ച ക്രമീകരണങ്ങളുടെ ട്രയൽ റൺ ഉടൻ നടക്കും.