കണ്ണൂര്‍: പിഞ്ചു കുഞ്ഞിനെ കടല്‍ ഭിത്തിയില്‍ എറിഞ്ഞു കൊന്ന കേസില്‍ അമ്മ ശരണ്യക്കും കാമുകനുമെതിരെ ഉടന്‍ കുറ്റപത്രം നല്‍കുമെന്ന് പോലീസ്. കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. കൊലപാതകവുമായി ബന്ധപ്പെട്ട പരമാവധി തെളിവുകളെല്ലാം ശേഖരിച്ചാണ് കുറ്റപത്രം തയ്യാറാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു.

കെലപാതകം നടന്ന് മൂന്ന് മാസമാകുമ്ബോഴാണ് പോലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. ഫെബ്രുവരി 17 നാണ് ശരണ്യ ഒന്നര വയസുകാരനായ കുഞ്ഞിനെ കടല്‍ ഭിത്തിയിലെറിഞ്ഞ് കൊന്നത്. അടച്ചിട്ട വീട്ടില്‍ അച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയെ കടല്‍ തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത ഉണ്ടെന്നാരോപിച്ച്‌ കുട്ടിയുടെ പിതാവാണ് ആദ്യം പോലീസില്‍ പരാതി നല്‍കിയിരുന്നത്. പിന്നാലെ കുട്ടിയുടെ പിതാവാണ് കൊലപാതകം നടത്തിയതെന്നാരോപിച്ച്‌ ശരണ്യയുടെ ബന്ധുവും പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഭര്‍ത്താവാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ശരണ്യ ആവര്‍ത്തിച്ചിരുന്നത്. എന്നാല്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സ്വന്തം കുഞ്ഞിനെ താനാണ് കൊലപ്പെടുത്തിയതെന്നു ശരണ്യ മൊഴി നല്‍കിയത്. കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് ശരണ്യ പോലീസിനോട് പറഞ്ഞു. മകനെ കൊല്ലാന്‍ ആസൂത്രണം ചെയ്ത ദിവസം അകന്നു കഴിയുകയായിരുന്ന ഭര്‍ത്താവിനെ ശരണ്യ നിര്‍ബന്ധിച്ച്‌ വീട്ടിലേക്ക് വിളിച്ചു വരുത്തി താമസിപ്പിച്ചു.

മകനെ അച്ഛനൊപ്പം കിടത്തി ശരണ്യ മറ്റൊരു മുറിയില്‍ കിടന്നുറങ്ങി. പുലര്‍ച്ചെ മൂന്ന് മണിയോടെ കുഞ്ഞിനെ അച്ഛന്റെ സമീപത്തു നിന്നെടുത്തു പാറക്കെട്ടില്‍ എറിഞ്ഞു കൊലപ്പെടുത്തിയ ശേഷം ഉപേക്ഷിക്കുകയായിരുന്നു. കുറ്റസമ്മതം നടത്തിയതിനു പിന്നാലെ ശരണ്യയും കാമുകനും തമ്മിലുള്ള വാട്സ് ആപ്പ് സന്ദേശങ്ങള്‍ പോലീസ് കണ്ടെടുത്തു. കാമുകനെ കൂടി ചോദ്യം ചെയ്തതോടെ ശരണ്യ കുറ്റം ഏറ്റ് പറയുകയായിരുന്നു.

കൊലപാതകം ഭര്‍ത്താവിന്റെ തലയിലിട്ട് കാമുകനൊപ്പം ജീവിക്കുകയായിരുന്നു പദ്ധതിയെന്നും ശരണ്യ പോലീസിന് മൊഴി നല്‍കി. ഫോറന്‍സിക് പരിശോധനക്കയച്ച ശരണ്യയുടെ വസ്ത്രത്തില്‍ നിന്ന് പൂഴിയുടെയും കടല്‍ വെള്ളത്തിന്റെ അംശം ലഭിച്ചതും കേസില്‍ നിര്‍ണായകമായി.