ചെന്നൈ : പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും തമിഴ്‍നാട്ടില്‍ അനുദിനം രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യമാണ് ഉള്ളത്. ഇപ്പോഴിതാ ചെന്നൈയില്‍ കണ്ണകി നഗര്‍ ചേരിയില്‍ കൊവിഡ് പടര്‍ന്ന് പിടിച്ചിരിക്കുകയാണ്. 7- പേര്‍ക്കാണ് ഇന്ന് കണ്ണകി നഗറില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചേരിയിലെ രോഗബാധിതരുടെ എണ്ണം 30 ആയി.

തേനി തെങ്കാശി കന്യാകുമാരി ഉള്‍പ്പടെ അതിര്‍ത്തി ജില്ലകളിലും കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുള്ളത്. തമിഴ്‍നാട്ടില്‍ ആകെ രോഗബാധിതരുടെ എണ്ണം എണ്ണായിരം കടന്നിരിക്കുകയാണ്. അതേസമയം സാമൂഹിക അകലം പാലിക്കാത്തതിന്‍റെ പേരില്‍ ചെന്നൈയില്‍ പഴം പച്ചക്കറി കടകള്‍ ഉദ്യോഗസ്ഥര്‍ തല്ലിതകര്‍ത്തു. സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കാതെ വില്‍പ്പന നടത്തുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ചെന്നൈ വാനിയമ്ബാടിയിലാണ് സംഭവം നടന്നത്.

മുന്‍സിപ്പല്‍ കമ്മീഷണറും മലയാളിയുമായ സെസില്‍ തോമസാണ് പച്ചക്കറി വണ്ടികള്‍ മറിച്ചിട്ടത്. തെരുവ് കച്ചവടക്കാരുടെ പഴവും പച്ചക്കറിയും റോഡിലേക്ക് വലിച്ചെറിഞ്ഞ ഉദ്യോഗസ്ഥര്‍ ചെറിയ പച്ചക്കറി കടകള്‍ തല്ലിതകര്‍ക്കുകയും ചെയ്തു.