ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് ബാധിതന്‍ ചികിത്സ കിട്ടാതെ മരിച്ചെന്ന് ആരോപണവുമായി മകള്‍. സൗത്ത് ഡല്‍ഹി ഗ്രേറ്റര്‍ കൈലാസ് സ്വദേശിയായ 68 കാരന്‍ കൊവിഡ് ബാധിച്ച സംഭവത്തിലാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. മരിച്ചയാളുടെ മകള്‍ അമര്‍ പ്രീത് എന്ന യുവതി ട്വിറ്ററില്‍ ഇട്ട കുറിപ്പിലാണ് ആരോപണം ഉന്നയിച്ചത്.
ഡല്‍ഹിയിലെ ലോക് നായക് ജയ് പ്രകാശ് നാരായണന്‍ ആശുപത്രിക്കെതിരെയാണ് യുവതി ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ 8.5 ഓടെ ആശുപത്രിയില്‍ എത്തിയെന്നും സഹായിക്കണമെന്നും കാണിച്ച് യുവതി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ 9.8 ന് ഇട്ട രണ്ടാമത്തെ പോസ്റ്റില്‍ അച്ഛന്‍ മരിച്ചെന്നും യുവതി പറയുന്നു.
പിതാവിനെ രക്ഷിക്കുന്നതില്‍ ഡല്‍ഹി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് അടുത്ത പോസ്റ്റില്‍ വിമര്‍ശിച്ചു. എന്നാല്‍ ഈ ആരോപണം തള്ളി ആശുപത്രി അധികൃതര്‍ രംഗത്തെത്തി. രോഗിക്ക് ചികിത്സ നിഷേധിച്ചിരുന്നില്ലെന്നും ആശുപത്രിയില്‍ എത്തിയപ്പോഴേക്കും രോഗി മരിച്ചിരുന്നുവെന്നുമാണ് ആശുപത്രിയുടെ വിശദീകരണം.