പൂനെ: വിവാദ ഐഎഎസ് ട്രെയിനി പൂജ ഖേദ്കറിന്റെ വ്യാജ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റിൽ തെറ്റില്ലെന്ന് കണ്ടെത്തി യശ്വന്ത്റാവു ചവാൻ മെമ്മോറിയൽ ആശുപത്രി. പൂജ ഖേദ്കറിന് ഏഴ് ശതമാനം വൈകല്യമുണ്ടെന്ന് പ്രഖ്യാപിച്ച സർട്ടിഫിക്കറ്റിൻ്റെ സാധുത സംബന്ധിച്ച് ചോദ്യങ്ങൾ ഉയർന്നതിനെ തുടർന്നാണ് ആശുപത്രി ഡീൻ ഡോ രാജേന്ദ്ര വേബിളിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചത്. ജില്ലാ കലക്ടറുടെ നിർദേശപ്രകാരമാണ് അന്വേഷണം നടത്തിയത്. എല്ലാം നടപടികളുടെയും അടിസ്ഥാനത്തിലാണ് ആശുപത്രി സർട്ടിഫിക്കറ്റ് വിതരണം ചെയ്തതെന്നും ആശുപത്രി ജീവനക്കാരുടെ ഭാഗത്തുനിന്ന് പിഴവുകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും ഡോ വേബിൾ വ്യക്തമാക്കി.

ഏഴ് ശതമാനം വൈകല്യ സർട്ടിഫിക്കേഷൻ വിദ്യാഭ്യാസം, തൊഴിൽ എന്നിവ നേടാൻ യോഗ്യമല്ലെന്നും 40 ശതമാനം വൈകല്യമുണ്ടെങ്കിൽ മാത്രമാണ് ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.വ്യാജ റേഷൻ കാർഡും ആധാർ കാർഡും ഉൾപ്പെടെയുള്ള വഞ്ചനാപരമായ രേഖകൾ ഖേദ്കർ സമർപ്പിച്ചുവെന്ന ആരോപണത്തെക്കുറിച്ചുള്ള ആശങ്കകളും ഡോക്ടർ പങ്കുവെച്ചു.ഇത്തരം രേഖകളുടെ ഒറിജിനാലിറ്റി പരിശോധിക്കുന്നതിൽ ആശുപത്രിയുടെ ചുമതലകളുടെ പരിധിക്കപ്പുറമാണെന്നും അദ്ദേഹം വ്യക്തമാക്കി.