ജനീവ: കോവിഡ്-19 വൈറസ് ബാധിച്ചിട്ടില്ലാത്തവർ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നതുകൊണ്ടു പ്രയോജനമില്ലെന്ന നിലപാടു ലോകാരോഗ്യ സംഘടന തിരുത്തി. എല്ലാവരും പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നതു രോഗവ്യാപനം തടയാൻ സഹായിക്കുമെന്നാണു പുതിയ നിലപാട്. വിവിധ ലോകരാജ്യങ്ങൾ പൊതുസ്ഥലങ്ങളിലെ മാസ്ക് ഉപയോഗം നിർബന്ധമാക്കി ആഴ്ചകൾക്കു ശേഷമാണ് ലോകാരോഗ്യ സംഘടന ഈ നിലപാടിലേക്ക് എത്തുന്നത്.
അസുഖമുള്ളവരും അവരെ പരിചരിക്കുന്നവരും മാത്രം മാസ്ക് ധരിച്ചാൽ മതിയെന്നും ആരോഗ്യമുള്ളവർ മാസ്ക് ധരിക്കുന്നതുകൊണ്ടു പ്രത്യേകിച്ചു പ്രയോജനങ്ങളൊന്നുമില്ലെന്നുമാണ് ഇതുവരെ ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നത്.