ചപ്പാത്തിക്കും പൊറോട്ടക്കും കൂടെ കഴിക്കാന്‍ പറ്റുന്ന ഈ വിഭവം ഉണ്ടാക്കി ഒരു പിടിപിടിച്ചു നോക്കൂ…

നോണ്‍ വെജ് പ്രേമികള്‍ ഇപ്പോള്‍ ഏറിവരികയാണ്. അവര്‍ക്ക് വളരെയേറെ ഇഷ്ടപ്പെടുന്നൊരു വിഭവമാണ് ചിക്കന്‍ ചുക്ക. നിങ്ങള്‍ക്കും വളരെ വേഗം ചിക്കന്‍ ചുക്ക വീട്ടില്‍ ഉണ്ടാക്കാം. ചപ്പാത്തിക്കും പൊറോട്ടക്കും കൂടെ കഴിക്കാന്‍ പറ്റുന്ന ഈ വിഭവം ഉണ്ടാക്കി ഒരു പിടിപിടിച്ചു നോക്കൂ…

ആവശ്യമുള്ള സാധനങ്ങള്‍

ചിക്കന്‍ – ഒരെണ്ണം ചെറുത് (ഇടത്തരം കഷണങ്ങളായി മുറിക്കുക)

വെളിച്ചെണ്ണ – ആവശ്യത്തിന്

സവാള – 2 എണ്ണം
(കനംകുറച്ച് അരിഞ്ഞത്. ഒരെണ്ണം വറുക്കാന്‍ മാറ്റിവയ്ക്കുക)

തക്കാളി – ഒരെണ്ണം വലുത്

പച്ചമുളക് – 4 എണ്ണം (നെടുവേ കീറിയത്)

മുളകുപൊടി – 2 ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍പൊടി – 1/2 ടീസ്പൂണ്‍

മല്ലിപ്പൊടി – ഒരു ടേബിള്‍ സ്പൂണ്‍

ഗരംമസാലപൊടി – 1 ടീസ്പൂണ്‍

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒരു ടേബിള്‍ സ്പൂണ്‍

ഉപ്പ് – പാകത്തിന്

കുരുമുളക് – ഒരു ടീസ്പൂണ്‍ ചതച്ചത്

കറിവേപ്പില – നാല് തണ്ട്

തയാറാക്കുന്നവിധം

ആദ്യം ചിക്കന്‍ കഴുകി മാറ്റി വയ്ക്കുക.
പാനില്‍ എണ്ണ ഒഴിച്ച് അരിഞ്ഞുവച്ച ഒരു സവാള വറുത്തുകോരി വയ്ക്കുക.
ഈ എണ്ണയില്‍ത്തന്നെ ബാക്കി സവാള, തക്കാളി, പച്ചമുളക് ഇവ വഴറ്റി മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, ഗരംമസാല, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഇവയൊക്കെ ചേര്‍ത്ത് ഇളക്കി വെന്ത് എണ്ണ തെളിയുമ്പോള്‍ വറുത്തുവച്ച സവാളയും ചേര്‍ത്ത് മിക്‌സ് ചെയ്ത് ചിക്കന്‍ അതിലേക്കിട്ട് ഇളക്കുക. കുരുമുളക് ചതച്ചതും ചേര്‍ക്കാം. ആവശ്യമെങ്കില്‍ അര ടീസ്പൂണ്‍ ഗരംമസാലകൂടി ചേര്‍ക്കാം. മൂടിവച്ച് വേവിക്കുക. കറിവേപ്പില വിതറി അല്പസമയംകൂടി അടച്ചുവച്ച ശേഷം വിളമ്പാം.