മലപ്പുറം : പോക്സോ കേസിലെ പ്രതി കോടതി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. മഞ്ചേരി പോക്സോ കോടതിയുടെ രണ്ടാം നിലയില്‍ നിന്ന് ചാടിയാണ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചത്. എടവണ്ണ ചാത്തല്ലൂര്‍ തച്ചറായില്‍ ആലിക്കുട്ടിയാണ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയത്. സാരമായി പരിക്കേറ്റ ഇയാളെ ആദ്യം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് പോക്‌സോ കേസ് പ്രതിയായ ആലിക്കുട്ടി പോലീസുകാരില്‍നിന്ന് കുതറിയോടി കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടിയത്. മൂന്ന് സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളുടെ പരാതിയിലാണ് ആലിക്കുട്ടിക്കെതിരെ കേസെടുത്തത്. കഴിഞ്ഞ മാസം 18 നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.