ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കെ വീണ്ടും പ്രകോപനവുമായി ചൈന. ഇന്ത്യയിലെ ചൈനീസ് മൊബൈലുകളിലുള്ള കാലാവസ്ഥാ ആപ്ലിക്കേഷനുകളില്‍ അരുണാചല്‍പ്രദേശിനെ ഒഴിവാക്കിയിരിക്കുകയാണ്. ഗൗരവ് ചൗധരിയെന്ന യൂട്യൂബറാണ് സംഭവം കണ്ടെത്തിയിരിക്കുന്നത്.

ചൈനീസ് മൊബൈലിലെ കാലാവസ്ഥ ആപ്പില്‍ ഇറ്റാനഗര്‍ എന്ന സ്ഥലത്തെ കാലാവസ്ഥ പരിശോധിക്കുമ്പോള്‍ നോ റിസള്‍ട്ട് എന്ന് മാത്രമാണ് കാണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഗൗരവ് ചൗധരി ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസ്, ആഭ്യന്തരമന്ത്രാലയം, അമിത് ഷാ, വിവരസാങ്കേതിക മന്ത്രാലയം എന്നിവരെ ടാഗ് ചെയ്തുകൊണ്ടാണ് ഗൗരവ് ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്.

ഇറ്റാനഗറിന് പുറമെ, അരുണാചലിലെ മറ്റ് നഗരങ്ങളായ പസിഘട്ട്, ലോങ്ഡിങ് എന്നിവയും ചൈനീസ് ഫോണിലെ ആപ്പുകളില്‍ ലഭ്യമല്ല. ഡിഫോള്‍ട്ട് ആപ്പുകളിലാണ് ഷവോമി ഉള്‍പ്പെടെയുള്ള ചൈനീസ് ഫോണുകള്‍ അരുണാചലിലെ പ്രദേശങ്ങള്‍ ബ്ലോക്ക് ചെയ്തിരിക്കുന്നത്. തേഡ് പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിച്ചാല്‍ മാത്രമെ ഇവയില്‍ ഇറ്റാനഗര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ കാലാവസ്ഥ മനസിലാക്കാന്‍ സാധിക്കുകയുള്ളൂ.