സിഡ്നി: പ്രതിസന്ധിയുടെ ഘട്ടത്തില്‍ തനിക്ക് ശക്തിപകര്‍ന്ന ഏറ്റവും വലിയ ഉറവിടം പ്രാര്‍ത്ഥനയായിരിന്നുവെന്ന് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്ലിന്റെ വെളിപ്പെടുത്തല്‍. ലൈംഗീകാരോപണത്തിന്റെ പേരില്‍ 14 മാസങ്ങളോളം ജയിലില്‍ കഴിഞ്ഞതിനു ശേഷം നിരപരാധിയായി കണ്ട് ഓസ്ട്രേലിയന്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ കാത്തലിക് ന്യൂസ് ഏജന്‍സിയോട് പ്രതികരിക്കുകയായിരിന്നു അദ്ദേഹം. വിശുദ്ധ വാരത്തില്‍ മോചിതനാകുവാന്‍ കഴിഞ്ഞതിലെ സന്തോഷവും അദ്ദേഹം മറച്ചുവെച്ചില്ല. ഈ ഈസ്റ്റര്‍ തന്നെ സംബന്ധിച്ചിടത്തോളം വളരെയേറെ പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

കുറ്റവിമുക്തനാക്കപ്പെടുമെന്ന വിശ്വാസം തനിക്കുണ്ടായിരുന്നുവെങ്കിലും അമിതമായി ശുഭാപ്തി പ്രകടിപ്പിച്ചില്ല. കുറ്റവിമുക്തനാക്കിയ കോടതി നടപടി തെക്ക്-പടിഞ്ഞാറന്‍ മെല്‍ബണിലെ ബാര്‍വോണിലെ എച്ച്.എം ജെയിലിലെ തന്റെ സെല്ലില്‍ ഇരുന്നുകൊണ്ട് താന്‍ കണ്ടു. മോചനത്തിന് ശേഷം മെല്‍ബണിലെ ശാന്തമായൊരു സ്ഥലത്ത് മനോഹരമായ സായാഹ്നം ചിലവഴിച്ചു. വളരെക്കാലമായി കുര്‍ബാന അര്‍പ്പിക്കുവാന്‍ കഴിയാതിരുന്നതിനാല്‍ അവസരം ലഭിക്കുകയാണെങ്കില്‍ സ്വകാര്യമായി ഒരു വിശുദ്ധ കുര്‍ബാന അര്‍പ്പിക്കണമെന്ന ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു.

1996-ല്‍ ഓസ്ട്രേലിയയിലെ മെല്‍ബണിലെ സെന്റ് പാട്രിക്ക് കത്തീഡ്രലില്‍ വച്ച് രണ്ടു ആണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന ആരോപണത്തിന്റെ പേരിലാണ് കര്‍ദ്ദിനാള്‍ ജയിലിലായത്. കുറ്റാരോപണത്തെ തുടര്‍ന്നു വത്തിക്കാനിലെ സാമ്പത്തിക കാര്യാലയത്തിന്റെ ചുമതലയില്‍ നിന്നു അദ്ദേഹത്തെ നീക്കം ചെയ്തിരുന്നു. എന്നാല്‍ കുറ്റാരോപണത്തില്‍ വസ്തുതയില്ലെന്ന് ഏഴു പേരടങ്ങുന്ന ഹൈക്കോടതി ഫുള്‍ ബഞ്ച് പ്രഖ്യാപിക്കുകയായിരിന്നു. തനിക്കെതിരെ പരാതി നല്‍കിയവരോട് തനിക്ക് യാതൊരു വിദ്വേഷവുമില്ലെന്ന്‍ മോചിതനായ സമയത്ത് അദ്ദേഹം പ്രസ്താവിച്ചിരിന്നു.