ഈ വര്‍ഷം കാലവര്‍ഷത്തില്‍ പ്രളയം ഉണ്ടായാല്‍ കൊവിഡ്-19 മഹാമാരിയെ അകറ്റാന്‍ പോരാടുന്ന സംസ്ഥാനത്തിന് ഇത് മറ്റൊരു ഗുരുതര വെല്ലുവിളിയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ഏത് മോശമായ സാഹചര്യവും നേരിടാന്‍ നാം തയ്യാറെടുത്തേ പറ്റൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. വെള്ളപ്പൊക്കമുണ്ടായാല്‍ മുന്‍ വര്‍ഷങ്ങളിലേതിന് സമാനമായി ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനാവില്ല. ഇതിനു പകരം നാലു തരത്തിലുള്ള കെട്ടിടങ്ങള്‍ സജ്ജമാക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ ക്വാറന്റൈന് സൗകര്യങ്ങള്‍ക്കായി സര്‍ക്കാര്‍ മൊത്തം 27,000 കെട്ടിടങ്ങള്‍ സംസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
“ഈ വര്‍ഷം സാധാരണയില്‍ കവിഞ്ഞ മഴയുണ്ടാവുമെന്നാണ് കാലവസ്ഥാ നിരീക്ഷകര്‍ സൂചിപ്പിക്കുന്നത്. കാലവര്‍ഷം സാധാരണ നിലയിലാണെങ്കില്‍ തന്നെ ആഗസ്റ്റില്‍ അധിവര്‍ഷം ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. കൊവിഡ്-19 മഹാമാരിയെ അകറ്റാന്‍ പോരാടുന്ന സംസ്ഥാനത്തിന് ഇത് മറ്റൊരു ഗുരുതര വെല്ലുവിളിയാണ്. ഈ സാഹചര്യം മുന്നില്‍ക്കണ്ട് അടിയന്തര തയ്യാറെടുപ്പ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കോവിഡിനൊപ്പം കാലവര്‍ഷക്കെടുതി നേരിടുന്നതിനുള്ള പദ്ധതി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയിട്ടുണ്ട്.”- മുഖ്യമന്ത്രി പറഞ്ഞു.
“ക്വാറന്റൈന് സൗകര്യങ്ങള്‍ക്കായി സര്‍ക്കാര്‍ മൊത്തം 27,000 കെട്ടിടങ്ങള്‍ സംസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ട്. അവയില്‍ ബാത്ത്റൂമോട് കൂടിയ രണ്ടര ലക്ഷത്തിലധികം മുറികളുണ്ട്. അടിയന്തര സാഹചര്യം വന്നാല്‍ ഉപയോഗിക്കാനുള്ള കെട്ടിടങ്ങള്‍ വേറെയും കണ്ടെത്തിയിട്ടുണ്ട്. ഇതിന് സമാന്തരമായാണ് വെള്ളപ്പൊക്കമുണ്ടായാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുന്ന വെല്ലുവിളി. ഇതിനു വേണ്ടി (കെട്ടിടങ്ങള്‍) ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഏത് മോശമായ സാഹചര്യവും നേരിടാന്‍ നാം തയ്യാറെടുത്തേ പറ്റൂ.” – മുഖ്യമന്ത്രി പറഞ്ഞു.
നാല് തരത്തില്‍ കെട്ടിടങ്ങള്‍ വേണം
“കോവിഡ്-19 വ്യാപന ഭിഷണി ഉള്ളതുകൊണ്ട്, വെള്ളപ്പൊക്കം കാരണം ഒഴിപ്പിക്കേണ്ടി വരുന്നവരെ സാധാരണപോലെ ഒരുമിച്ച് താമസിപ്പിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നേരത്തേ സ്കൂളുകളിലും മറ്റും ഒന്നിച്ച് പാര്‍പ്പിക്കാമായിരുന്നു. ഇന്നത്തെ സാഹചര്യത്തില്‍ അത് പറ്റില്ലെന്നും അദ്ദഹം വ്യക്തമാക്കി. നാല് തരത്തില്‍ കെട്ടിടങ്ങള്‍ വേണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചത്. പൊതുവായ കെട്ടിടം, പ്രായം കൂടിയവര്‍ക്കും (കോവിഡ് അല്ലാത്ത) മറ്റു രോഗങ്ങളുള്ളവര്‍ക്കും പ്രത്യേക കെട്ടിടം. കോവിഡ് രോഗ ലക്ഷണമുള്ളവര്‍ക്ക് വേറൊരു കെട്ടിടം. വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് വേറൊരു കെട്ടിടം എന്നിങ്ങനെയാണ് വേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അണക്കെട്ടുകള്‍ തുറക്കേണ്ടി വരില്ല
കാലവര്‍ഷത്തില്‍ സംസ്ഥാനത്തെ ഇടുക്കി അടക്കമുള്ള അണക്കെട്ടുകളൊന്നും തുറക്കേണ്ടിവരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് രാവിലെ ദുരന്ത നിവാരണ അതോറിറ്റി സ്ഥിതിഗതികള്‍ വിലയിരുത്തി. വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടാതിരിക്കാന്‍ നദികളിലെയും തോടുകളിലെയും ചാലുകളിലെയും എക്കലും മാലിന്യവും മഴ തുടങ്ങും മുമ്ബ് നീക്കാനുള്ള നടപടികള്‍ നേരത്തെ ആരംഭിച്ചിട്ടുണ്ട്. ബാക്കിയുള്ള പ്രവൃത്തികള്‍ രണ്ടാഴ്ചയ്ക്കകം തീര്‍ക്കണം.
അണക്കെട്ടുകളിലെ സ്ഥിതിയും തുടര്‍ച്ചയായി വിലയിരുത്തുന്നുണ്ട്. ഇടുക്കി ഉള്‍പ്പെടെ വലിയ അണക്കെട്ടുകളൊന്നും തുറക്കേണ്ടിവരില്ല സര്‍ക്കാരിന്റെ സന്നദ്ധം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത വളണ്ടിയര്‍മാര്‍ക്ക് അടിയന്തരമായി ദുരന്തപ്രതികരണ കാര്യങ്ങളില്‍ പരിശീലനം നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ദുരന്തനിവാരണ അതോറിറ്റിക്കായിരിക്കും ഇതിന്റെ ചുമതല.
രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് വരാനിരിക്കുന്ന വിപത്തിന്റെ സൂചന
അതേസമയം സംസ്ഥാനത്ത് കോവിഡ്-19 രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് വരാനിരിക്കുന്ന വിപത്തിന്റെ സൂചനയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ കുറച്ച് നാളുകളായി കോവിഡ്-19 ബാധിക്കുന്ന പുതിയ കേസുകളുടെ എണ്ണം ഒറ്റ അക്കത്തിലാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇന്നലെ അത് പത്തായെന്നും ഇന്ന് 26ലേക്ക് എത്തി.. എന്നാല്‍ ഈ പ്രതിസന്ധി മറികടക്കും. സര്‍ക്കാരും ജനങ്ങളും ഒന്നായി നിന്ന് തന്നെ പ്രതിസന്ധിയെ മറികടക്കാനാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കൊറോണയെ കരുതികൊണ്ട് വേണം ജീവിക്കാന്‍
ലോക്ക്ഡൗണ്‍ തുറന്നാലും ഇല്ലെങ്കിലും നമ്മള് കൊറോണയെ കരുതികൊണ്ട് വേണം ജീവിക്കാനെന്നും അദ്ദേഹം പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് പ്രകാരം കോവിഡ്-19 ഒരിക്കലും ഇല്ലാതാകുകയില്ലെന്നാണ്. വാക്സിന്റെ അഭാവത്തില്‍ എച്ച്ഐവിയെ പോലെ തന്നെ ലോകത്താകമാനം നിലനില്‍ക്കാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ പൊതുസമൂഹത്തിന്റെയാകെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയെന്നതും കോവിഡ്-19നെ ചികിത്സിച്ച് ഭേദമാക്കുന്ന പ്രത്യേക ചികിത്സ പ്രോട്ടൊകോള്‍ പാലിക്കേണ്ടതും പരമപ്രധാനമാണ്. അത്തരത്തിലുള്ള ഇടപ്പെടലുകളിലേക്കാണ് ശ്രദ്ധ നല്‍കുന്നത്.
ഇതോടൊപ്പം പൊതുസമൂഹം ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ ഉള്‍കൊള്ളണം. അതില്‍ ഏറ്റവും പ്രധാനം മാസ്ക് പൊതുജീവിത്തതിന്റെ ഭാഗമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തിക്കുംതിരക്കും ഉണ്ടാകത്ത വിധം കച്ചവടവും പൊതുഗതാഗതവും ക്രമീകരിക്കണം. അത്യാവശ്യ യാത്രകളും കൂടിച്ചേരലുകളും മാത്രം നടത്തുക. അതില്‍ തന്നെ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം നിയന്ത്രിക്കുക. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും മുന്‍കൂട്ടി സമയം ക്രമീകരിക്കുന്നതും ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് മാത്രം 26 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതില്‍ പത്ത് പേര് കാസര്‍ഗോഡ് ജില്ലക്കാരാണ്. മലപ്പുറം ജില്ലയില്‍ അഞ്ച് പേര്‍ക്കും പാലക്കാട് വയനാട് ജില്ലകളില്‍ മൂന്ന് പേര്‍ക്ക് വീതവും രോഗം സ്ഥിരീകരിച്ചപ്പോള്‍ കണ്ണൂരില്‍ രണ്ട് പേര്‍ക്കും പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേര്‍ക്കും കണ്ണൂരില്‍ ഒരാള്‍ക്കുമാണ് ഇന്ന് രോഗം ഭേദമായത്.