തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കിയ പണം തിരികെ ആവശ്യപ്പെട്ട 97 പേര്‍ക്കും നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. കേരളത്തില്‍ നിന്നുള്ള16 പേരും പണം തിരികെ ആവശ്യപ്പെട്ടവരില്‍ ഉള്‍പ്പെടും. 55.18 ലക്ഷം രൂപയാണ് ഇവരെല്ലാം കൂടി നല്‍കിയത്. മുഴുവന്‍ തുകയും തിരികെ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി.

പാലക്കാട്ടുകാരനായ കെ സുന്ദരേശ്വരനാണ് ഏറ്റവും ഉയര്‍ന്ന തുക തിരിച്ചു വാങ്ങുന്നത്. 4,95,000 രൂപയാണ് ഇയാള്‍ക്ക് തിരികെ നല്‍കുക. ഓണ്‍ലൈന്‍ മുഖേന പണം കൈമാറിയപ്പോള്‍ ഉണ്ടായ പിശകാണു ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ആയിപ്പോയതെന്നാണ് പണം തിരികെ ആവശ്യപ്പെട്ട ചിലര്‍ അപേക്ഷയില്‍ പറയുന്നത്. മറ്റുചിലര്‍ തുക രേഖപ്പെടുത്തിയപ്പോള്‍ ഒരു പൂജ്യം കൂടിപ്പോയെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതേസമയം, ആദായ നികുതി കിഴിവു നേടിയ ശേഷം സംഭാവന തിരിച്ചുനല്‍കാനുള്ള സാധ്യതയും സര്‍ക്കാര്‍ തള്ളിക്കളയുന്നില്ല. അതുകൊണ്ട് നികുതി കിഴിവ് നേടിയവര്‍ സംഭാവന തിരികെ വാങ്ങിയത് ഈ വര്‍ഷത്തെ കണക്കില്‍ രേഖപ്പെടുത്തണമെന്ന നിബന്ധനയോടെയാണു പണം നല്‍കുന്നത്. 4900 കോടി രൂപയാണ് 2018ലെ പ്രളയകാലത്ത് സര്‍ക്കാരിനു ലഭിച്ചത്. കൊവിഡ് ഫണ്ടിലേക്ക് ഇതുവരെ 344 കോടി രൂപ സംഭാവന കിട്ടി.