ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പച്ചക്കൊടി ലഭിച്ചാലുടന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ വ്യോമസേനയുടെ യുദ്ധ വിമാനങ്ങളും നാവിക സേനയുടെ യുദ്ധക്കപ്പലുകളും തയ്യാര്‍. സേനകളുടെ ഏകോപനത്തോടെ വിദേശകാര്യ മന്ത്രാലയം പ്രത്യേക ഒഴിപ്പിക്കല്‍ പദ്ധതി തയ്യാറാക്കി വരികയാണ്. ഗള്‍ഫില്‍ നിന്നുള്ള മലയാളികളെയാകും ആദ്യ ഘട്ടത്തില്‍ കൊണ്ടുവരികയെന്നും സൂചനയുണ്ട്.
വിവിധ കമ്മാന്‍ഡുകള്‍ക്ക് കീഴില്‍ 14 യുദ്ധക്കപ്പലുകള്‍ ഉത്തരവ് കാത്തിരിക്കുകയാണെന്ന് നാവിക സേനാ ഉപമേധാവി വൈസ് അഡ്മിറല്‍ ജി. അശോക്‌കുമാര്‍ പറഞ്ഞു. മുന്‍പ് ഒഴിപ്പിക്കല്‍ ഓപ്പറേഷനില്‍ പങ്കെടുത്ത വിമാന വാഹിനിക്കപ്പലായ ഐ.എന്‍.എസ് ജലാശ്വയും ഇക്കൂട്ടത്തിലുണ്ട്. അതേസമയം വ്യോമസേന അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന സി -17 ഗ്ളോബ് മാസ്‌റ്റര്‍, സി-130 ജെ ഹെര്‍ക്കുലീസ് തുടങ്ങിയ വിമാനങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്.
1990ല്‍ ഗള്‍ഫ് യുദ്ധ സമയത്ത് കുവൈറ്റില്‍ നിന്ന് 1,70,000 ഇന്ത്യക്കാരെ ഒഴിപ്പിച്ചതിന്റെ റെക്കാഡ് കൊവിഡ് രക്ഷാദൗത്യം മറികടക്കും. അന്ന് 500 വിമാന സര്‍വീസുകള്‍ നടത്തിയാണ് ഇന്ത്യക്കാരെ നാട്ടിലെത്തിച്ചത്.
ആദ്യം യു.എ.ഇയില്‍ നിന്ന്
വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ദ്ധന്‍ സിംഗ്‌ളയുടെ നേതൃത്വത്തില്‍ തയ്യാറാക്കുന്ന ഒഴിപ്പിക്കല്‍ പദ്ധതി അനുസരിച്ച് ആദ്യം യു.എ.ഇ തുടര്‍ന്ന് സൗദി, കുവൈറ്റ് രാജ്യങ്ങളിലെ ഇന്ത്യക്കാരെയാകും കൊണ്ടുവരികയെന്നറിയുന്നു. കപ്പലിലും വിമാനങ്ങളിലും ആളുകളെ സുരക്ഷിത അകലം പാലിച്ചായിരിക്കും കയറ്റുക.