കൊച്ചി: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ വിദേശത്തു കുടുങ്ങിപ്പോയ മലയാളികളെ തിരികെ നാട്ടിലെത്തിക്കുന്നതു സംബന്ധിച്ച്‌ സംസ്ഥാനം പൂര്‍ണ സജ്ജമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. തിരികെയെത്തുന്നവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതിനായി 1,15,500 മുറികള്‍ സജ്ജ മാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി . പ്രവാസികളെ നാട്ടിലേക്ക് തിരികെയെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ എല്ലാ ജില്ലകള്‍ക്കും 13.45 കോടി രൂപ അനുവദിച്ചു. പ്രവാസികള്‍ക്ക് പണം നല്‍കി ഉപയോ​ഗിക്കാനായി ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമായി 9000 മുറികള്‍ സജ്ജമാക്കിയിട്ടുണ്ട്. 4.52 ലക്ഷം പ്രവാസികളാണ് നോര്‍ക്ക വഴി നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് . നാട്ടിലേക്ക് മടങ്ങിവരാനാ​ഗ്രഹിക്കുന്നവരില്‍ 9572 ​ഗര്‍ഭിണികളും ഉണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു .

വിദേശത്തു നിന്നുള്ളവരുടെ ആദ്യസംഘം ഇന്നാണ് കേരളത്തിലേക്ക് എത്തുന്നത്. അബുദാബി, ദുബായ് എന്നിവിടങ്ങളില്‍ നിന്നുളള പ്രവാസികള്‍ ഇന്ന് രാത്രി നെടുമ്ബാശ്ശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ എത്തിച്ചേരും . ഡി.ഐ.ജി കാളിരാജ് മഹേഷ്കുമാറും രണ്ട് എസ്.പിമാരുമാണ് നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ സുരക്ഷയ്ക്ക് നേതൃത്വം നല്‍കുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഡി.ഐ.ജി എസ്.സുരേന്ദ്രനും രണ്ട് എസ്.പിമാരും നേതൃത്വം നല്‍കുന്ന പോലീസ് സംഘം ഉണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.