റിയാദ്​: കോവിഡ്​ പശ്ചാത്തലത്തില്‍ നാട്ടിലേക്ക്​ മടങ്ങുന്ന പാവപ്പെട്ട തൊഴിലാളികളായ പ്രവാസികള്‍ക്ക്​ സൗജന്യ വിമാന ടിക്കറ്റ്​ നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന്​ കേന്ദ്ര സര്‍ക്കാര്‍. അതിനായി ഇന്ത്യന്‍ എംബസികളിലുള്ള ക്ഷേമനിധി വിനിയോഗിക്കുന്നതില്‍ ഒരു എതിര്‍പ്പുമില്ലെന്ന്​​ കേരള ഹൈകോടതിയിലാണ്​ സര്‍ക്കാര്‍ നിലപാട്​ വ്യക്തമാക്കിയത്.​ ഗള്‍ഫിലെ ഇന്ത്യന്‍ എംബസികളിലുള്ള ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട്​ (സാമൂഹിക ക്ഷേമനിധി) ടിക്ക​െറ്റടുക്കാന്‍ നിവൃത്തിയില്ലാത്തവര്‍ക്ക് വേണ്ടി ഉപയോഗിക്കണമെന്ന്​ ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് തിങ്കളാഴ്​ച​ കോടതിയില്‍ കേന്ദ്രസര്‍ക്കാറിന്​ വേണ്ടി ഹാജരായ അസിസ്​റ്റന്‍റ്​ സോളിസിറ്റര്‍ ജനറല്‍ വിജയകുമാര്‍ പാവ​പ്പെട്ട പ്രവാസികള്‍ക്ക്​ വേണ്ടി ക്ഷേമനിധി ഉപ​േയാഗിക്കാമെന്ന സമ്മതം അറിയിച്ചത്​.

ഇൗ ആവശ്യമുന്നയിച്ച്‌​ മേയ്​ 15നാണ്​ കേരള ഹൈകോടതിയില്‍ ഹര്‍ജിയെത്തിയത്​. ഫണ്ട്​ വിനിയോഗിക്കാന്‍ കേന്ദ്രസര്‍ക്കാറിനും എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും നിര്‍ദേശം നല്‍കണമെന്നായിരുന്നു ആവശ്യം. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ജസ്റ്റിസ്​ അനു ശിവരാമ​​െന്‍റ സിംഗിള്‍ ബഞ്ച്​ 18ന്​ ആദ്യ വാദം കേള്‍ക്കുകയും നിലപാട്​ വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട്​ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.

തുടര്‍ന്നാണ്​ തിങ്കളാഴ്​ചയിലെ രണ്ടാം സിറ്റിങ്ങില്‍ കേന്ദ്ര സര്‍ക്കാറിനുവേണ്ടി അസിസ്​റ്റന്‍റ്​ സോളിസിറ്റര്‍ ജനറല്‍ ഹാജരായതും നിലപാട്​ വ്യക്​തമിക്കിയതും. സ്വന്തമായി വിമാനടിക്കറ്റ് എടുക്കാന്‍ സാമ്ബത്തികമായി കഴിവില്ലാത്ത എല്ലാ പ്രവാസി ഇന്ത്യക്കാരും എംബസിയുടെയോ കോണ്‍സുലേറ്റി​​െന്‍റയോ ക്ഷേമനിധിയുടെ സഹായത്തോടെ ടിക്കറ്റ് എടുത്ത് മടങ്ങിവരുന്നതില്‍ ​േ​കന്ദ്രത്തിന്​ യാതൊരുവിധ എതിര്‍പ്പുമി​ല്ലെന്ന്​ ഇതോടെ വ്യക്തമായിരിക്കുകയാണ്​.

2009ല്‍ അന്നത്തെ പ്രവാസികാര്യ മന്ത്രി വയലാ​ര്‍ രവിയുടെ മുന്‍കൈയില്‍ തുടങ്ങിയ ഫണ്ടില്‍നിന്ന്​ ഇൗയാവശ്യത്തിന്​ പണം വിനിയോഗിക്കാന്‍ കേന്ദ്രസര്‍ക്കാറി​െന്‍റ പ്രത്യേക അനുമതി വേണമെന്ന നിലപാടിലായിരുന്നു ഗള്‍ഫിലെ ഇന്ത്യന്‍ സ്ഥാനപതിമാര്‍. കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ ടിക്കറ്റെടുക്കാനുള്ള സാമ്ബത്തികശേഷി ഇല്ല എന്നു ബോധിപ്പിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ കുറിപ്പിനോടൊപ്പം ടിക്കറ്റിന്​ അപേക്ഷയും പാസ്​പോര്‍ട്ട് കോപ്പിയും വിസ (ഫൈനല്‍ എക്സിറ്റ്, എക്സിറ്റ് ​/ റീ-എന്‍ട്രി) കോപ്പിയും അതത്​ രാജ്യത്തെ തൊഴില്‍/താമസ ഐ.ഡി കോപ്പിയും മൊബൈല്‍ നമ്ബറും സഹിതം പ്രവാസികള്‍ക്ക് അതത് എംബസി/കോണ്‍സുലേറ്റുകളില്‍ അപേക്ഷ സമര്‍പ്പിക്കാം.

മലയാളികള്‍ക്ക് മാത്രമല്ല, വിദേശങ്ങളിലെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള പ്രവാസികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിലപാട് പ്രയോജനകരമാകും. ഇൗ ഫണ്ട്​ ഇങ്ങനെ വിനിയോഗിക്കാന്‍ സര്‍ക്കാറിനും എംബസികള്‍ക്കും കോടതി നിര്‍ദേശം നല്‍കണമെന്ന്​ തന്നെയാണ്​​ ഹര്‍ജിയിലെയും ആവശ്യം​. സര്‍ക്കാര്‍ സമ്മതം അറിയിച്ചിരിക്കെ ഇനി കടമ്ബകളില്ല. വ്യാഴാഴ്​ച കേസ്​ വീണ്ടും കോടതി പരിഗണിക്കും.

വടകര പാലോളിത്താഴയില്‍ ജിഷ, തിരുവനന്തപുരം മടവൂര്‍ പുലിയൂര്‍ക്കോണത്ത് ഷീബ മന്‍സിലില്‍ ഷീബ, കോഴിക്കോട് ഒഞ്ചിയം പുലിക്കോട്ട് കുനിയില്‍ വീട്ടില്‍ മനീഷ, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോയ് കൈതാരത്ത് എന്നിവരാണ് ഹര്‍ജിക്കാര്‍. റിയാദിലെ ‘ഇടം’ സാംസ്കാരികവേദി, ദുബൈയിലെ ‘ഗ്രാമം’, ദോഹയിലെ ‘കരുണ’ എന്നീ സംഘടനകളുടെകൂടി ശ്രമഫലമായാണ് കേസ് കോടതിയിലെത്തിയത്​. അഡ്വ. പി. ചന്ദ്രശേഖരന്‍, അഡ്വ. ജോണ്‍ കെ. ജോര്‍ജ്​, അഡ്വ. ആര്‍. മുരളീധരന്‍ എന്നിവരാണ് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായത്.