കൊച്ചി : പ്രവാസി ക്വാറന്റീന്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര തീരുമാനം കൈക്കൊള്ളണമെന്ന് ഹൈക്കോടതി. ദിവസങ്ങളുടെ കാര്യത്തിലെ ആശയക്കുഴപ്പം പരിഹരിക്കണമെന്നാണ് പ്രധാന ആവശ്യം. അതേസമയം, ക്വാറന്റീന്‍ വിഷയത്തില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ഇന്നും ഹൈക്കോടതിയില്‍ ഏറ്റുമുട്ടി. സര്‍ക്കാര്‍ കേന്ദ്രത്തില്‍ 14 ദിവസത്തെ നിരീക്ഷണം വേണമെന്നാണ് മാനദണ്ഡമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതില്‍ വ്യക്തമാക്കി . എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി തന്നെ പ്രധാനമന്ത്രിയോട് ഇളവ് തേടിയിട്ടുണ്ടെന്ന് സംസ്ഥാനം തിരിച്ചടിച്ചു .

ഓരോ സംസ്ഥാനങ്ങളും അവര്‍ക്ക് ആവശ്യമുള്ള രീതിയില്‍ മാനദണ്ഡങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെട്ടു കഴിഞ്ഞാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റും. സംസ്ഥാനങ്ങളുമായി ആലോചിച്ചാണ് പ്രവാസികളുടെ ക്വാറന്റീന്‍ പ്രോട്ടോക്കോള്‍ തയാറാക്കിയതെന്നും കേന്ദ്രം കോടതിയെ അറിയിച്ചു . അതേസമയം, വിദേശത്ത് നിന്ന് വരുന്നവരുടെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ ഏഴു ദിവസം ആക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നു എന്ന് സര്‍ക്കാര്‍ പറഞ്ഞു . വീട്ടില്‍ പോയാലും ഇവര്‍ ക്വാറന്റീനില്‍ തുടരും . ഇവര്‍ ക്വാറന്റീനില്‍ തുടരുമെന്ന് ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി . ഇതോടെ വിഷയത്തില്‍ അടിയന്തര തീരുമാനമെടുക്കാന്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു .