ജോയിച്ചന്‍ പുതുക്കുളം
ഡാളസ്: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ വൈദീകനും, ഡാളസ് സെന്റ് ജയിംസ് ഓര്‍ത്തഡോക്‌സ് മിഷന്‍ ഇടവകയുടെ വികാരിയുമായ റവ.ഫാ. ബിനു മാത്യൂസ് പൗരോഹിത്യ പദവിയില്‍ ഒരു ദശാബ്ദം പിന്നിടുന്നു. അമേരിക്കയിലെ സെന്റ് റിക്കോണ്‍ ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും ദൈവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം 2005-ല്‍ അമേരിക്കന്‍ ഭദ്രാസനത്തിന്റെ അധിപനായിരുന്ന അഭി. മാത്യൂസ് മാര്‍ ബര്‍ണബാസ് തിരുമേനിയില്‍ നിന്നും ശെമ്മാശപട്ടവും, 2010 ഒക്‌ടോബര്‍ 16-ന് ഹൂസ്റ്റണ്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ വച്ച് അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തയില്‍ നിന്നും വൈദീപട്ടവും സ്വീകരിച്ചു.
ഹൂസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മന:ശാസ്ത്രത്തില്‍ ബിരുദവും, സാന്‍ അന്റോണിയോ സെന്റ് മേരീസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും കൗണ്‍സിലിംഗില്‍ ബിരുദാനന്തര ബിരുദവും നേടിയ ഫാ. ബിനു മാത്യൂസ് പ്രസ്തുത രംഗത്ത് വളരെ ശ്രദ്ധേയനാണ്. ഹൂസ്റ്റണ്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകാംഗങ്ങളായ മാത്യൂസ് സി. ഉമ്മന്റേയും, മേരി മാത്യൂസിന്റേയും പുത്രനാണ് ഫാ. ബിനു മാത്യൂസ്. ജെസീക്ക മാത്യൂസ് ആണ് സഹധര്‍മ്മിണി. സരായ്, ലൂക്കസ്, ലൈവായി, ശീലസ് എന്നിവര്‍ മക്കളാണ്.
ഡാളസ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ അസിസ്റ്റന്റ് വികാരിയായും, വികാരിയായും സേവനം അനുഷ്ഠിച്ചശേഷം ഇപ്പോള്‍ ഡാളസ് സെന്റ് ജയിംസ് ഓര്‍ത്തഡോക്‌സ് മിഷന്‍ ഇടവകയുടെ വികാരിയായി സേവനം അനുഷ്ഠിക്കുന്നു.