മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ഗുരുരത്നം ഫാ. ഡോ. ടി. ജെ ജോഷ്വായുടെ ഭൗതിക ശരീരം താൻ 21 വർഷം വികാരിയായി സേവനമനുഷ്ഠിച്ച ഇടവക പള്ളിയായ പള്ളം സെ. പോൾസ് ഓർത്തഡോക്സ് ദേവാലയത്തിൽ ശിഷ്യഗണങ്ങളായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്ക ബാവയുടെയും അഭിവന്ദ്യ മെത്രാപ്പോലീത്തന്മാരുടെയും അനേക വൈദിക ശ്രേഷ്ഠരുടെയും വൻജനാവലിയുടെയും സാന്നിധ്യത്തിൽ സംസ്കരിച്ചു.

രാവിലെ 8. 30ന് ഭവനത്തിലെ പ്രാർത്ഥനകളെ തുടർന്ന് പള്ളം സെ. പോൾസ് പള്ളിയിലേക്ക് വിലാപയാത്രയായി എത്തിയതോടെ കബറടക്ക ശുശ്രൂഷ ആരംഭിച്ചു. പരിശുദ്ധ കാതോലിക്കാ ബാവാ നേതൃത്വം നൽകി. സമയത്തെ കൃത്യത കൊണ്ടും ക്രിയാത്മകത കൊണ്ടും നേരിട്ട അതുല്യ ഗുരുനാഥനായിരുന്നു ബഹുമാനപ്പെട്ട ജോഷ്വാച്ചൻ എന്ന് ശിഷ്യൻ കൂടിയായ പരിശുദ്ധ കാതോലിക്കാ ബാവാ അനുസ്മരണ പ്രസംഗത്തിൽ പറഞ്ഞു. ഒന്നര മണിയോടുകൂടി സംസ്കാര ശുശ്രൂഷകൾക്ക് സമാപനമായി.

ഇന്നലെ വൈകുന്നേരം 4. 30 മുതൽ വൻ ജനാവലിയാണ് കുറിച്ചി മന്ദിരം കവലയ്ക്ക് സമീപമുള്ള തെക്കിനേത്ത് ഭവനത്തിലേക്ക് ഒഴുകിയെത്തിയത് 6 പതിറ്റാണ്ടുകൾക്കേറെ വൈദിക സെമിനാരി അധ്യാപകനായും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവായും വേദപുസ്തക വ്യാഖ്യാതാവായും സുവിശേഷ പ്രഭാഷകനായും മികച്ച സംഘാടകനായും പ്രവർത്തിച്ചിട്ടുള്ള ജോഷോ അച്ഛനെ കാണുവാൻ സമൂഹത്തിന്റെ നാനാതുറകളിൽ ഉള്ള അനേകായിരം ആളുകൾ എത്തിച്ചേരുകയുണ്ടായി വിവിധ സഭയിലെ മെത്രാപ്പോലീത്തന്മാരും മത നേതാക്കന്മാരും സാമൂഹിക രാഷ്ട്രീയ നേതാക്കന്മാരും അന്ത്യോപചാരം അർപ്പിക്കുവാൻ എത്തി.