ന്യൂഡല്‍ഹി : ബത്ര ആശുപത്രിയിലെ സ്റ്റാഫ്‌ നഴ്സുമാര്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പരാതി നല്‍കി. ഗുരുതരമായ നിരവധി പ്രശ്നങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പരാതി നല്‍കിയിരിക്കുന്നത്.

പരാതിയുടെ പൂര്‍ണ്ണരൂപം

ശ്രീ.അരവിന്ദ് കെജ്‌രിവാള്‍
ബഹു.മുഖ്യമന്ത്രി
ഗവണ്മെന്റ് ഓഫ് ഡല്‍ഹി.

ബഹുമാനപ്പെട്ട സര്‍,

ബത്ര ആശുപത്രിയിലെ സ്റ്റാഫ്‌ നഴ്സുമാര്‍ ഇന്ത്യന്‍ പ്രൊഫഷണല്‍ നഴ്സസ് അസോസിയേഷനെ 21-06-2020-ല്‍ നല്‍കിയ പരാതി ഞങ്ങള്‍ താങ്കളുടെ ശ്രദ്ധയിലേക്ക്‌ കൊണ്ടുവരുന്നു. വളരെ ഗുരുതരമായ പ്രശ്നങ്ങള്‍ ആണ് അവര്‍ ഉന്നയിച്ചിരിക്കുന്നത്.വിഷയത്തില്‍ താങ്കള്‍ അടിയന്തരമായി ഇടപെട്ട് ആവശ്യമായ നടപടികള്‍ സ്വികരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.നഴ്സുമാര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
1).400 കോവിഡ് കിടക്കകള്‍ക്ക് സര്‍ക്കാര്‍ അനുമതി ലഭിച്ച ബത്ര ആശുപത്രിയിലെ കോവിഡ് വാര്‍ഡുകളില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ 15-20 വരെ രോഗികളെ പരിചരിക്കേണ്ടി വരുന്നു.ഇത് നഴ്സുമാര്‍ക്ക് വളരെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്.

2).കോവിഡ് ഐ സി യു കളില്‍ ഒരു നേഴ്സ് 3-5 വരെ രോഗികളെ പരിചരിക്കുന്നു.

3).കോവിഡ് ലക്ഷണങ്ങള്‍ കാണിക്കുന്ന സ്റ്റാഫുകളുടെ ടെസ്റ്റ് നടത്താന്‍ ആശുപത്രി തയ്യാറാകുന്നില്ല.

4).മതിയായ നിരീക്ഷണ സംവിധാനങ്ങളും ആശുപത്രി നല്‍കുന്നില്ല.

5). കോവിഡ് ബെഡിനായി പ്രവേശന സമയത്ത്‌ ഒരു രോഗിയോട് 3-5 ലക്ഷം വരെ ആവശ്യപ്പെടുന്നു.പക്ഷെ ജോലി ചെയ്യുന്നവര്‍ക്ക് അലവന്‍സ് നല്കാന്‍ ആശുപത്രി തയ്യാറല്ല.

കോവിഡ് വാര്‍ഡില്‍ ജോലി ചെയ്യുന്ന ഒരു നേഴ്സിന് 15 മുതല്‍ 20 രോഗികളെയും, രോഗിക്ക് പ്രത്യേക പരിചരണം ആവശ്യമായ ഐ സി യു വില്‍ ഒരു നേഴ്സിന് 3 മുതല്‍ 5 രോഗികളെ വരെയും പരിചരിക്കാന്‍ നല്‍കുന്നു.ഈ സ്ഥിതി വിശേഷം മതിയായ പരിചരണം രോഗിക്ക് ലഭിക്കുന്നതിന് തടസമാകുന്നു.അത് മാത്രവുമല്ല, പി പി ഇ കിറ്റ് ധരിച്ചു ജോലി ചെയ്യുന്ന നഴ്സുമാരോട് കാണിക്കുന്ന ക്രൂരത കൂടി ആണ്.ഇത് ആരോഗ്യപ്രവര്‍ത്തകരായ നഴ്സുമാരെ മാനസികമായും ശാരീരികമായും തളര്‍ത്തുന്നു.

ഇതിനെ ഗൗരവമായി കണ്ടില്ലയെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരുടെ വലിയൊരു കുറവ് വരും നാളുകളില്‍ ഉണ്ടാകും.അത് ഈ മഹാമാരിക്കെതിരെ ഉള്ള യുദ്ധത്തില്‍ ഉണ്ടാകാന്‍ പാടില്ല. ആയതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാനസിക സമ്മര്‍ദ്ദം ഉണ്ടാകാത്ത തരത്തില്‍ മികച്ച സുരക്ഷാ സംവിധാനങ്ങള്‍, ഡ്യൂട്ടിയുടെ ക്രമീകരണം,ഡ്യൂട്ടി സമയം, രോഗി-നേഴ്സ് അനുപാതം,അവധികള്‍,പാര്‍പ്പിടം, ഭക്ഷണം,നിരീക്ഷണത്തില്‍ കഴിയാന്‍ ഉള്ള സൗകര്യങ്ങള്‍,രോഗലക്ഷണം കാണിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ കോവിഡ് ടെസ്റ്റിന് വിധേയരാക്കുകയും, രോഗം സ്ഥിതികരിച്ചാല്‍ സൗജന്യമായി ചികില്‍സിക്കുന്നതിനുമുള്ള നടപടി, വേതനം കൃത്യ സമയം നല്‍കുന്നതിനുള്ള നടപടി തുടങ്ങിയവ വ്യക്‌തമാക്കുന്ന ഒരു മാര്‍ഗനിര്‍ദേശം അടിയന്തരമായി സര്‍ക്കാര്‍ പുറപ്പെടുവിക്കണം.ആവശ്യമെങ്കില്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ്.അതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

അഡ്മിഷന്‍ ആയി ഭീമമായ തുക ആവശ്യപ്പെടുന്ന സ്വകാര്യ ആശുപത്രികളുടെ രീതി അവസാനിപ്പിച്ചു ഏകികൃത ചാര്‍ജ് ഘടന കൊണ്ട് വരുന്നതിനും സര്‍ക്കാര്‍ നടപടി സ്വികരിക്കണം.

ബത്ര ആശുപത്രിയിലെ നഴ്സുമാര്‍ ഉന്നയിച്ച പ്രശ്നങ്ങളില്‍ ഇടപെട്ട് ആവശ്യമായ നടപടി സ്വികരിക്കുന്നതോടൊപ്പം വിഷയങ്ങളെ പൊതുവായി കണ്ട് ഞങ്ങള്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പരിഗണിച്ച്‌ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും പ്രതീക്ഷിക്കുന്നു.

ആത്മാര്‍ത്ഥതയോടു

ഇന്ത്യന്‍ പ്രൊഫഷണല്‍ നഴ്സസ് അസ്സോസിയേഷനുവേണ്ടി

ജിജു പി ജോയ്
പ്രസിഡന്റ്‌

അരുണ്‍ ജി എസ്
ജനറല്‍ സെക്രട്ടറി

സിജു തോമസ്
ജോയിന്റ് സെക്രട്ടറി

വിഷ്ണു ആര്‍
ഡെപ്യൂട്ടി സെക്രട്ടറി.