തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ കേരള കോണ്‍ഗ്രസിെന്റ റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെന്ന് ജോസ് കെ.മാണി. ഇപ്പോള്‍ പുറത്ത് വന്ന റിപ്പോര്‍ട്ട് പാര്‍ട്ടിയുടെ ഔദ്യോഗിക റിപ്പോര്‍ട്ടല്ലെന്നും ജോസ് കെ.മാണി പറഞ്ഞു. ഇടതുമുന്നണി പ്രവേശന പ്രഖ്യാപനത്തിന് ശേഷം കോണ്‍ഗ്രസിലെ ചില നേതാക്കള്‍ കെ.എം.മാണിയെ പിന്നില്‍ നിന്ന് കുത്തിയെന്ന് ജോസ് കെ.മാണി ആരോപിച്ചിരുന്നു. എന്നാല്‍, ഇവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായിരുന്നില്ല.
ചില സ്വകാര്യ ചാനലുകളാണ് കേസുമായി ബന്ധപ്പെട്ട കേരള കോണ്‍ഗ്രസ് അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഇതുപ്രകാരം കെ.എം.മാണിക്കെതിരായ ഗൂഢാലോചനക്ക് പിന്നില്‍ രമേശ് ചെന്നിത്തലയാണെന്നായിരുന്നു വെളിപ്പെടുത്തല്‍. അടൂര്‍ പ്രകാശിനും ജോസഫ് വാഴയ്ക്കനും ഇതില്‍ പങ്കാളികളായി. ആര്.ബാലകൃഷ്ണപിള്ളയും പി.സി ജോര്‍ജും ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
ബാര്‍കോഴ സംബന്ധിച്ച ആരോപണം ഉയര്‍ന്നപ്പോള്‍ 2014ല്‍ കെ.എം.മാണി സി.എഫ് തോമസിനെ ചെയര്‍മാനാക്കി അന്വേഷണ കമീഷനെ വെച്ചിരുന്നു. ഈ കമീഷേന്റതെന്ന് അവകാശപ്പെടുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.