കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ബാലഭാസ്കറിന്റെ സംഗീത ട്രൂപ്പിലെ അംഗങ്ങളുടെ മൊഴി സിബിഐ ഇന്ന് രേഖപെടുത്തും. സംഗീത ട്രൂപ്പായിരുന്ന ബിഗ് ബാൻഡിലെ 9 പേരുടെയും മൊഴിയാണ് രേഖപെടുത്തുക. സംഗീതജ്ഞന് ഇഷാന് ദേവിന്റെ മൊഴിയും രേഖപ്പെടുത്തും. ഇവരുടെ വിദേശയാത്രകളും സാമ്പത്തിക ഇടപാടുകളുമാണ് സിബിഐ അന്വേഷിക്കുന്നത്.
2018 സെപ്റ്റംബര്‍ 25നു പുലര്‍ച്ചെയാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ ദേശീയപാതയില്‍ സിആര്‍പിഎഫ് ക്യാംപ് ജംക്ഷനു സമീപം അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബാലഭാസ്കറും മകളും മരിച്ചു. ഭാര്യയ്ക്കു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സോബി ജോർജ് ഉൾപ്പെടെയുള്ള നാലുപേരുടെ നുണ പരിശോധന സിബിഐ നേരത്തെ നടത്തിയിരുന്നു. 2019-ലെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട രേഖകൾ ഡി.ആർ.ഐ. സി.ബി.ഐ. ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നു. കേസിൽ വിശദമായ അന്വേഷണം നടത്താനാണ് സി.ബി.ഐ.യുടെ നീക്കം. ഈ പശ്ചാത്തലത്തിലാണ് ഇന്ന് സംഗീത ട്രൂപ്പിലെ അംഗങ്ങളുടെ മൊഴി സിബിഐ രേഖപെടുത്തുന്നത്.