തിരുവനന്തപുരം | ബെവ്ക്യു ആപില്‍ അഴിമതിയുണ്ടെന്ന ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിക്കു വേണ്ടിയാണ് വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തിയതെന്നും സി പി എം സഹയാത്രികനെ സഹായിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും ചെന്നിത്തല പറഞ്ഞു. ആപ് തയാറാക്കുന്നതിന് കൂടുതല്‍ ഓഫറുകളുമായി മുന്നോട്ടു വന്ന പരിചയസമ്പന്നരായ കമ്പനികളെയെല്ലാം ഒഴിവാക്കിയാണ് ഫെയര്‍ കോഡിന് സര്‍ക്കാര്‍ കരാര്‍ നല്‍കിയത്. നാല് ദിവസം കൊണ്ട് ഓപ്പറേറ്റ് ചെയ്തു തരാമെന്ന് പറഞ്ഞ കമ്പനികള്‍ വരെ ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ടവയില്‍ പെടും. ബിഡില്‍ പങ്കെടുത്ത രണ്ട് കമ്പനികള്‍ എസ് എം എസിന് ചാര്‍ജ് വേണ്ട എന്ന് പറഞ്ഞിട്ടും അവരെ തഴഞ്ഞ് ഫെയര്‍ കോഡിന് കരാര്‍ നല്‍കുകയായിരുന്നു.
മാത്രമല്ല. എസ് എം എസിന് ഫെയര്‍ കോഡ് 12 പൈസ ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ 15 പൈസ നല്‍കി. മൂന്ന് പൈസ അധികമായി നല്‍കിയതിന്റെ അടിസ്ഥാനമെന്തെന്ന് വ്യക്തമല്ല. വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ബാറുകളില്‍ നിന്നുള്ള ഓരോ വില്‍പനക്കും അമ്പത് പൈസ വെച്ച് ആപ് നിര്‍മാതാക്കളായ ഫെയര്‍ കോഡിന് ലഭിക്കുന്നുണ്ടെന്നാണ് ചെന്നിത്തലയുടെ ആരോപണം. എന്നാല്‍, എസ് എം എസ് നിരക്കായി നിശ്ചയിച്ച തുക ബെവ്‌കോ ഫെയര്‍ കോഡ് വഴി മൊബൈല്‍ സേവന ദാതാക്കള്‍ക്കാണ് നല്‍കുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.