ഫിലഡൽഫിയ:- നവംബറിൽ അമേരിക്കയിൽ നടക്കുന്ന പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക്ക് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ജെ. ബൈഡൻ ആയിരിക്കുമെന്നത് തീരുമാനമായി.സ്ഥാനാർത്ഥിത്വം ലഭിക്കുന്നതിന് ആവശ്യമായ 1991 ഡലിഗേറ്റുകളുടെ എണ്ണത്തെയും മറികടന്ന് 2004 ഡലിഗേറ്റുകളെ നേടാൻ മുൻ വൈസ് പ്രസിഡന്റ് ബൈഡന് കഴിഞ്ഞു.
ഏപ്രിൽ മാസം മൽസരത്തിൽ നിന്നും പിന്മാറിയ ബെർണി ,സാന്റേഴ്സിസിന് 1047 ഡലിഗേറ്റുകളെ ലഭിച്ചിരുന്നു. ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് നടന്ന ഡിസ്ട്രിക്ട് ഒഫ് കൊളംബിയായിലും മറ്റു ഏഴു സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ പൂർത്തിയായതോടെയാണ് ജോ ബൈഡന്റെ ലീഡ് വർദ്ധിച്ചത്.ആഗസ്റ്റിൽ ഡെമോക്രാറ്റിക്ക് പാർട്ടി നാഷണൽ കൺവൻഷനിൽ ജൊ ബൈഡന്റെ പേരായിരിക്കും ബാലറ്റിൽ.
പതിറ്റാണ്ടുകളായി ഡെലവെയർ യു.എസ് സെനറ്ററായ76 കാരൻ ജൊ ബൈഡൻ പൊതു തിരഞ്ഞെടുപ്പിൽ നേരിടുക നിലവിലുള്ള പ്രസിഡൻറ് ട്രമ്പിനെയാണ്. പതിനായിരങ്ങളുടെ ജീവൻ കവർന്ന കൊറോണ വൈറസും രാജ്യമൊട്ടാകെ അലയടിക്കുന്ന വംശീയ പ്രതിഷേധങ്ങളൂം ജൊ ബൈഡന് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുമ്പോൾ, കഴിഞ്ഞ നാലു വർഷം കർമ്മനിരതനായി ഉറച്ച തീരുമാനങ്ങൾ സ്വീകരിച്ച,വൻകിട ലോക രാഷ്ട്രങ്ങളെ വരുതിയിൽ കൊണ്ടുവന്ന ഡൊണൾഡ് ട്രമ്പിനാ യിരിക്കും കൂടുതൽ സാധ്യതയെന്ന് നിഷ്പക്ഷമതികളും വിലയിരുത്തുന്നു.