ബോളിവുഡ് താരം സുശാന്ത് സിങ്ങ് രജ്പുത്തിന്റെ അപ്രതീക്ഷിത വിടവാങ്ങലിന്റെ നടുങ്ങലിലാണ് ബോളിവുഡ്. സുശാന്തിന് ആദരാഞ്ജലികള്‍ നേര്‍ന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആരാധകരുമെല്ലാം തന്നെ എത്തിയിരുന്നു. സുശാന്തിനെ അംഗീകരിക്കാന്‍ ബോളിവുഡ് ശ്രമിച്ചില്ലെന്നായിരുന്നു നടി കങ്കണ റാവത്ത് പ്രതികരിച്ചത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു നടിയുടെ പ്രതികരണം.
അഭിനയിച്ച ചില സിനിമകളുടെ പ്രതിഫലം സുശാന്തിന് ലഭിച്ചിട്ടില്ല എന്നും അദ്ദേഹത്തിന്റെ മരണശേഷം ചില മാധ്യമ പ്രവര്‍ത്തകരെ വിലയ്ക്കെടുത്ത് ബോളിവുഡിലെ പ്രമുഖര്‍ സുശാന്തിനെ മാനസികരോഗിയായും മയക്കുമരുന്നിന് അടിമയായും ചിത്രീകരിച്ചുവെന്ന് കങ്കണ ആരോപിച്ചു.
കഴിവുളളവരെ അംഗീകരിക്കേണ്ടത് പ്രധാനമാണ്. സെലിബ്രിറ്റികള്‍ വ്യക്തീജിവിതത്തില്‍ മാനസികമായ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെങ്കില്‍ അത് മനസിലാക്കി പ്രവര്‍ത്തിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കേണ്ടത്. അല്ലാതെ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കനല്ല എന്ന അടിക്കുറിപ്പിലായിരുന്നു കങ്കണ റാവത്ത് പുതിയ വീഡിയോ പങ്കുവെച്ചിരുന്നത്.
സുശാന്തിനെ മാനസികരോഗിയും മയക്കുമരുന്നിന് അടിമയുമാക്കി ചിത്രീകരിക്കുകയാണ് ചിലര്‍. സഞ്ജയ് ദത്ത് മയക്കുമരുന്നു ഉപയോഗിച്ചു എന്ന് കേള്‍ക്കുമ്ബോള്‍ ‘ക്യൂട്ടായി’ തോന്നുന്നവര്‍ തന്നെയാണ് സുശാന്തിനെക്കുറിച്ച് ഇങ്ങനെ എഴുതിയത്. അവര്‍ക്ക് മാപ്പില്ല. പഠനകാലത്ത് മെഡല്‍ നേടി വിജയിയായ സുശാന്തിനെ എന്ത് അടിസ്ഥാനത്തിലാണ് എങ്ങനെ ദുര്‍ബല ഹൃദയമുള്ള വ്യക്തിയായി ചിത്രീകരിക്കുന്നത്.
സുശാന്തിന് സിനിമയില്‍ ഗോഡ് ഫാദര്‍മാരില്ലാത്തതിനാലാണ് ഈ അവസ്ഥയുണ്ടായത്. അയാള്‍ സിനിമയിലെത്തി കുറച്ചുനാളുകള്‍ക്കുള്ളില്‍ മികച്ച നടന്‍മാരിലൊരാളാകുകയും അംഗീകാരങ്ങള്‍ നേടുകയും ചെയ്തു. ഇവിടുത്തെ ചില താരങ്ങളുടെ മക്കളുടെ പോലെ പിന്‍വാതിലിലൂടെയല്ല സുശാന്ത് സിനിമയിലെത്തിയത്- കങ്കണ പറഞ്ഞു.
ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി മുന്നേറിയ താരമായിരുന്നു സുശാന്ത്.എംഎസ് ധോണി ബയോപിക്ക് ചിത്രത്തിലൂടെയാണ് സുശാന്ത് എല്ലാവരുടെയും പ്രിയങ്കരനായത്. ചിത്രത്തില്‍ ധോണിയായുളള പ്രകടനം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ദംഗല്‍ സംവിധായകന്‍ നിതേഷ് തിവാരിയുടെതായി പുറത്തിറങ്ങിയ ചിച്ചോരെ എന്ന ചിത്രവും സുശാന്തിന്റെതായി ശ്രദ്ധിക്കപ്പെട്ടിരുന്നു.