ഭക്ഷണം പോലും ഒഴിവാക്കി ദിവസങ്ങളോളം പബ്ജി കളിച്ച പതിനാറുകാരന്‍ മരിച്ചു. ആന്ധ്രപ്രദേശിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ദിവസങ്ങളോളം വെള്ളവും ഭക്ഷണവും ഒഴിവാക്കിയായിരുന്നു കുട്ടിയുടെ പബ്ജി കളി.

ആന്ധ്രപ്രദേശിലെ ജുജ്ജുലകുണ്ടയിലെ ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ത്ഥിയാണ് മരിച്ചത്. വിദ്യാര്‍ത്ഥി പബ്ജി ഗെയിമിന് അടിമയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലോക്ക്ഡൗണായതോടെ മുഴുവന്‍ സമയവും പബ്ജി കളിച്ചിരിപ്പായിരുന്നു. ദി ഹിന്ദുവാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ദിവസങ്ങളോളം ഭക്ഷണവും വെള്ളവും ഒഴിവാക്കി ഗെയിം കളിച്ചിരുന്നതോടെ നിര്‍ജലീകരണം മൂലം അസുഖബാധിതനായി. വീട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിദ്യാര്‍ത്ഥിയുടെ കോവിഡ‍് പരിശോധനാഫലം നെഗറ്റീവാണ്. അതിസാരത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച്ചയാണ് മരിച്ചത്.

ഇതാദ്യമായല്ല ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വര്‍ഷം ആദ്യം തുടര്‍ച്ചയായി പബ്ജി കളിച്ച പതിനാറുകാരന്‍ ഹൃദയസ്തംഭനം മൂലം മരിച്ചിരുന്നു. മധ്യപ്രദേശിലായിരുന്നു സംഭവം. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന ഫുര്‍ഖാന്‍ ഖുറേഷിയാണ് അന്ന് മരിച്ചത്. ഉച്ചഭക്ഷണം കഴിച്ച്‌ പബ്ജി കളിക്കാന്‍ ആരംഭിച്ച ഫുഖ്റാന്‍ മണിക്കൂറുകളോളം ഗെയിമിനൊപ്പം ഇരിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു മരണം.