തിരുവനന്തപുരം: കൊവിഡിനുശേഷം കാലവര്‍ഷം തുടങ്ങുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഭക്ഷ്യധാന്യക്ഷാമം ഉണ്ടാകാതിരിക്കാന്‍ ആറുമാസത്തേക്ക് കരുതല്‍ ധാന്യശേഖരം ഉറപ്പുവരുത്തിയതായി മന്ത്രി പി. തിലോത്തമന്‍. പയറുവര്‍ഗങ്ങള്‍ ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലക്കയറ്റം ഉണ്ടാകാതിരിക്കാന്‍ കരുതല്‍ ശേഖരം ഉറപ്പാക്കിയിട്ടുണ്ട്. 4.39 ലക്ഷം മെട്രിക് ടണ്‍ അരിയും 1.18 ലക്ഷം മെട്രിക് ടണ്‍ ഗോതമ്ബും സംസ്ഥാനത്തിന്റെ കൈവശമുണ്ടെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കൊവിഡ് കാലത്ത് തുടര്‍ച്ചയായി സപ്ലൈകോ വില്‍പനശാലകള്‍ പ്രവര്‍ത്തിപ്പിച്ചും, സമൂഹ അടുക്കളകള്‍ക്കായി ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തും അതിജീവനക്കിറ്റുകള്‍ ജനങ്ങളില്‍ എത്തിച്ചും സൗജന്യ റേഷന്‍ വിതരണം ചെയ്തും ദുരിതബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ വകുപ്പിന് സാധിച്ചു. ഏപ്രിലില്‍ 85.55 ലക്ഷം കാര്‍ഡുടമകള്‍ (97.95 ശതമാനം) സൗജന്യ റേഷന്‍ വാങ്ങി. 1.41 ലക്ഷം മെട്രിക് ടണ്‍ അരിയും 15,709 മെട്രിക് ടണ്‍ ഗോതമ്ബും വിതരണം ചെയ്തു.
മെയില്‍ 84.98 ലക്ഷം കാര്‍ഡുടമകള്‍ക്കായി (97.26%ശതമാനം) 92,796 മെട്രിക് ടണ്‍ അരിയും 15,536 മെട്രിക് ടണ്‍ ഗോതമ്ബും 4,572 മെട്രിക് ടണ്‍ ആട്ടയും വിതരണം ചെയ്തു.
അക്ഷയ കേന്ദ്രങ്ങള്‍ വഴിയുള്ള ഇലക്‌ട്രോണിക് റേഷന്‍ കാര്‍ഡ് വിതരണം താമസിയാതെ ആരംഭിക്കും. റേഷന്‍ കാര്‍ഡുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള ഫോണ്‍ നമ്ബരുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് റേഷന്‍ കടകളിലോ അക്ഷയ സെന്ററുകളിലോ സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.