തിരുവനന്തപുരം: അഞ്ചലില്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ച്‌ ഭാര്യയെ കൊലപ്പെടുത്തിയകേസില്‍ അറസ്റ്റിലായ സൂരജിന് ഭാര്യയുടെ സ്വത്തുക്കള്‍ മാത്രമായിരുന്നില്ല ലക്ഷ്യം. വിവാഹബന്ധത്തിലൂടെ ഭാര്യയ്ക്കൊപ്പം കോടികളുടെ സ്വത്തുക്കളും കൈവശമാക്കാന്‍ സൂരജ് കേട്ടുകേള്‍വിയില്ലാത്തവിധം ഭാര്യയെ വകവരുത്തിയതിന് കാരണങ്ങള്‍ വേറെയുമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നുദിവസത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടിയ സൂരജിനെ ചോദ്യം ചെയ്യുന്നതിലൂടെ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്താന്‍ തീരുമാനിച്ചതിന് പിന്നിലുള്ള കാരണങ്ങള്‍ ഒന്നൊന്നായി വെളിപ്പെടുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.നൂറ് പവനിലേറെ സ്വര്‍ണവും ആഡംബര കാറും അഞ്ച് ലക്ഷത്തോളം രൂപയും നല്‍കിയതിന് പുറമേ ലക്ഷക്കണക്കിന് രൂപയും അഞ്ചലില്‍ 70 സെന്റോളം വസ്തുവും സൂരജിന് ഉത്രയുടെ വീട്ടുകാര്‍ നല്‍കിയിരുന്നു. ഉത്രയ്ക്കായി നല്‍കിയ സ്വത്തുക്കള്‍ ഉത്രയുടെ പോലും ഇടപെടലില്ലാതെ സ്വതന്ത്രമായി കൈകാര്യം ചെയ്തിരുന്നത് സൂരജാണ്. കൊല്ലപ്പെടുന്നതിന് മുമ്പ്‌ പണത്തിനാവശ്യമുള്ളപ്പോഴൊക്കെ സൂരജ് ആവശ്യപ്പെടുന്ന പണം ഉത്രയുടെ വീട്ടുകാ‌ര്‍ നല്‍കിയിട്ടുമുണ്ട്. ഉത്രയ്ക്ക് നല്‍കിയ സ്വര്‍‌ണവും പണവും സൂരജ് പല ആവശ്യങ്ങള്‍ക്കും ചെലവഴിച്ചു.

ഇത്തരം ഒരു സാഹചര്യത്തില്‍ ഉത്രയുടെ പൊന്നും പണവും കൈവശപ്പെടുത്താനായി മാത്രമാണ് സൂരജ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് വിശ്വസിക്കാന്‍ അന്വേഷണ സംഘത്തിന് കഴിയുന്നില്ല. ഉത്രയേക്കാളും അവളുടെ സമ്പത്തിനേക്കാളും വിലപ്പെട്ടതെന്തോ സ്വന്തമാക്കുകയെന്ന ലക്ഷ്യം സൂരജിനുണ്ടായിരിക്കാമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. മൈക്രോ ഫിനാന്‍സ് സ്ഥാപനത്തില്‍ പണിയെടുത്തിരുന്ന സൂരജിന് വായ്പാ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെത്തുന്ന സ്ത്രീകളില്‍ ചിലരുമായി സൗഹൃദമുണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.സൂരജിന്റെ ആരെയും വീഴ്ത്തുന്ന വാചക കസര്‍ത്തും പെരുമാറ്റവുമാണ് വായ്പയ്ക്ക് അപേക്ഷയുമായെത്തിയ സ്ത്രീകളെയും വശീകരിച്ചത്. ഇവരില്‍ ചിലരുമായി സൂരജിന്റെ രാപകലില്ലാതെയുള്ള ഫോണ്‍ സൗഹൃദത്തെ ഉത്ര ചോദ്യം ചെയ്യുകയും വിലക്കുകയും ചെയ്തിരുന്നു. ഇത് ഉത്രയോട് സൂരജിന് പിണക്കത്തിനും ശത്രുതയ്ക്കും കാരണമായി. നിരവധി സ്ത്രീ സൗഹൃദങ്ങളിലൊരാളുമായി ഒരുമിച്ച്‌ ജീവിക്കാന്‍ സൂരജ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ തന്റെ ഇഷ്ടങ്ങള്‍ക്ക് ഉത്ര വിലങ്ങ് തടിയാകുമെന്ന് തിരിച്ചറിഞ്ഞാണ് ഉത്രയെ എങ്ങനെയും ഒഴിവാക്കണമെന്ന ചിന്ത ഇയാളില്‍ ഉടലെടുത്തത്.

മര്‍ദ്ദിച്ചോ ശ്വാസം മുട്ടിച്ചോ ഉത്രയെ അപായപ്പെടുത്തിയാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലോ ശാസ്ത്രീയ പരിശോധനയിലോ അത് പിടിക്കപ്പെട്ടാല്‍ താന്‍ അകത്താകും. ജയിലിലായാല്‍ കാമുകിമാരുമായി ജീവിക്കാന്‍ കഴിയില്ല. ഈപൊല്ലാപ്പുകളൊന്നും കൂടാതെ ഉത്രയെ തന്റെ ജീവിതത്തില്‍ നിന്ന് എന്നെന്നേക്കും ഒഴിവാക്കാനാണ് സര്‍പ്പദംശനത്തിന്റെ പാത തിരഞ്ഞെടുത്തത്. ഇതിനായി പാമ്ബിനെ കണ്ടെത്തലും പിടികൂടലുമൊക്കെ സാഹസമായതിനാലാണ് സുഹൃത്തായ സുരേഷില്‍ നിന്ന് പാമ്ബിനെ വിലയ്ക്ക് വാങ്ങാന്‍ തീരുമാനിച്ചത്. വീട്ടിലെ എലിശല്യം ഒഴിവാക്കാനെന്ന പേരിലാണ് ആദ്യം അണലിയെ വാങ്ങിയത്.സൂരജിന്റെ വീട്ടില്‍ വച്ച്‌ അണലി കടിച്ച്‌ ഉത്ര ആശുപത്രിയിലായെങ്കിലും ആഴ്ചകള്‍ നീണ്ടചികിത്സയ്ക്കൊടുവില്‍ ഉത്ര ജീവിതത്തിലേക്ക് തിരച്ചെത്തി. ഉത്രയുടെ തിരിച്ചുവരവ്തന്റെ സ്വപ്നങ്ങള്‍ക്ക് മുകളില്‍ കരിനിഴല്‍ വീഴ്ത്തുമെന്ന് മുന്‍കൂട്ടി കണ്ടാണ് രണ്ടാമതും കൊലപാതകത്തിനുള്ള പദ്ധതി സൂരജ് തയ്യാറാക്കിയത്.

ആദ്യം വാങ്ങിയ അണലി ഇഴഞ്ഞുപോയെന്ന് പറഞ്ഞാണ് രണ്ടാമത് മൂര്‍ഖന്‍പാമ്ബിനെ സൂരജ് വാങ്ങുന്നത്. അണലിയുടെ കടിയേറ്റ് ഉത്ര ആശുപത്രിയിലായ വിവരം അറിഞ്ഞിട്ടാണോ രണ്ടാമതും സുരേഷ് ഇയാള്‍ക്ക് പാമ്ബിനെ നല്‍കിയതെന്ന വിവരവും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. അടൂരിലെ വീട്ടിലുണ്ടായ ആദ്യശ്രമത്തില്‍ സൂരജിന്റെ ലക്ഷ്യം വിജയിച്ചിരുന്നെങ്കില്‍ ഉത്രയുടെ മരണം പാമ്ബ് കടിയേറ്റുള്ള മരണമായി മാറുമായിരുന്നു. എന്നാല്‍ പുരാണങ്ങളില്‍ പറയുമ്ബോലെ സത്യമുള്ള ജീവിയായി സങ്കല്‍പ്പിക്കുന്ന പാമ്ബിനെ വീണ്ടും കൊലയാളിയാക്കുകയും തന്റെ ലക്ഷ്യം നിറവേറ്റിയശേഷം അതിനെകൊന്ന് തെളിവില്ലാതാക്കാന്‍ സൂരജ് ശ്രമിക്കുകയും ചെയ്തതോടെ ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ തെളിവുകള്‍ ഒന്നൊന്നായി സൂരജിനെ തിരിഞ്ഞുകൊത്തുകയാണിപ്പോള്‍.