ന്യൂഡല്‍ഹി: സീറോ മലബാര്‍ സഭയുടെ ഭൂമിയിടപാടില്‍ നിയമവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലം ഭേദഗതി ചെയ്യില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 

സീറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് കേസിലെ ഹൈക്കോടതി ഉത്തരവിനെതിരേ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നല്‍കിയത് ഉള്‍പ്പടെയുള്ള വിവിധ ഹര്‍ജികള്‍ സുപ്രിം കോടതി ഇന്നു പരിഗണിക്കും. പള്ളികളുടെ ഭൂമിയും ആസ്തിയും വില്‍ക്കുന്നതിന് ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന കേരള ഹൈക്കോടതി വിധിയിലെ പരാമര്‍ശങ്ങള്‍ക്കെതിരേ സിറോ മലബാര്‍ സഭയുടെ താമരശേരി രൂപത സമര്‍പ്പിച്ച ഹര്‍ജിയും സീറോ മലങ്കര സഭയുടെ ബത്തേരി രൂപത നല്‍കിയ ഹര്‍ജിയും സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, അനിരുദ്ധ ബോസ് എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് കേസ് കേള്‍ക്കുന്നത്.

സീറോ മലബാര്‍ സഭയുടെ എറണാകുളം – അങ്കമാലി അതിരൂപതയുടെ ഭൂമി വില്‍പനയില്‍ ക്രമക്കേട് ആരോപിച്ചുള്ള കേസ് റദ്ദാക്കാനാകില്ലെന്ന വിധിയിലാണ് പള്ളികളുടെ ഭൂമിയും ആസ്തിയും വില്‍ക്കുന്നതിന് ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയോട് വിചാരണ നേരിടണമെന്ന് നിര്‍ദേശിച്ച ഹൈക്കോടതി ഉത്തരവിലെ 17 മുതല്‍ 39 വരെയുള്ള ഖണ്ഡികകള്‍ക്ക് എതിരായാണ് രൂപതകള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

ReplyForward