ബെംഗളൂരു: ആരോഗ്യകേന്ദ്രത്തിന് സമീപം തന്നെ കാണാനെത്തി കരയുന്ന മകളെ അനുനയിപ്പിച്ച്‌ പറഞ്ഞയക്കുകയും തന്റെ ദുഃഖത്തെ സ്വന്തം കടമയ്ക്കായി ഉള്ളിലൊതുക്കുകയും ചെയ്ത ആരോഗ്യപ്രവര്‍ത്തകയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം. ബെലഗാവി ആരോഗ്യകേന്ദ്രത്തിലെ നഴ്‌സായ സുഗന്ധി കോരേപുറിന്റേയും മകള്‍ ഐശ്വര്യയുടേയും വികാരനിര്‍ഭരമായ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് ശ്രദ്ധയില്‍ പെട്ടതോടെയാണ് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ സുഗന്ധിയെ നേരിട്ട് ഫോണിലൂടെ ബന്ധപ്പെട്ട് അവരുടെ നിസ്വാര്‍ഥ സേവനത്തിന് നന്ദി അറിയിച്ചത്.

കോവിഡ് ഡ്യൂട്ടിയിലുള്ള സുഗന്ധിയ്ക്കും മറ്റെല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇത് മൂലമുണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകളും കൊറോണപ്രതിസന്ധി അവസാനിച്ച ശേഷം പരിഗണിച്ച്‌ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് യെദ്യൂരപ്പ ഉറപ്പു നല്‍കി. കൂടാതെ കോവിഡ് ഡ്യൂട്ടി ചെയ്യുന്ന എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും അഭിനന്ദനമറിയിച്ച്‌ അദ്ദേഹം സുഗന്ധിക്ക് കത്തെഴുതുകയും ചെയ്തു.

കഴിഞ്ഞ രണ്ടാഴ്ചയായി ബെല്‍ഗാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഐസൊലേഷന്‍ വാര്‍ഡില്‍ രോഗികളെ ശുശ്രൂഷിക്കുകയാണ് സുഗന്ധി. 15 ദിവസമായി വീട്ടില്‍ പോകാതെ കഴിയുന്ന സുഗന്ധിയെ കാണാതെ ഭക്ഷണം കഴിക്കില്ലെന്ന് വാശി പിടിച്ച ഐശ്വര്യയെ അച്ഛന്‍ ശ്രീകാന്താണ് ബൈക്കില്‍ കൂട്ടിവന്നത്. ദൂരെ നിന്ന അമ്മയെ കണ്ട് ഐശ്വര്യ കരയുന്നതും അമ്മയെ വീട്ടില്‍ പോകാന്‍ വിളിക്കുന്നതും കണ്ടു നിന്ന എല്ലാവരുടേയും മനസില്‍ ദുഃഖമുണ്ടാക്കി. ഭക്ഷണം കഴിക്കണമെന്നും അമ്മ എത്രയും പെട്ടെന്ന് മടങ്ങി വരുമെന്നും പറഞ്ഞ സുഗന്ധി അവര്‍ മടങ്ങിയ ശേഷം തന്റെ കണ്ണുകള്‍ തുടയ്ക്കുന്നതും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയിലുണ്ട്.