ഏറ്റവും വലിയ ധനം നീയാണെന്നറിഞ്ഞിട്ടും
നീ എന്ന അമൂല്യതയെ തിരിച്ചറിയാതെ
മനുഷ്യത്വം മരവിപ്പിക്കും ധനത്തോടൊപ്പം
നിന്നെ അന്യനു കൈമാറ്റം ചെയ്ത
ഞങ്ങളാണ് തെറ്റുകാർ..
നിന്നിലെ ശാഠ്യങ്ങളെ താലോലിച്ചു വളർത്തുമ്പോൾ
മുന്നേറുന്ന ജീവിത പാതയിലെ കല്ലും മുള്ളും തിരിച്ചറിഞ്ഞ്
പതിയിരിക്കുന്ന അപകടങ്ങളെ തിരിച്ചറിയാൻ പഠിപ്പിക്കാത്ത
ഞങ്ങളാണു തെറ്റുകാർ..
വിദ്യയാണ് സർവധനാൽ പ്രധാനം എന്ന് പഠിപ്പിക്കാതെ
സ്വയ്ർജ്ജിത ധനം കൊണ്ടു സ്വാഭിമാനിയാകാൻ പഠിപ്പിക്കാതെ
സ്വന്തം ചിറകിന്നടിയിൽ ഒളിപ്പിച്ച്, നിന്റെ ചിറകിനെ അരിഞ്ഞ
ഞങ്ങളാണു തെറ്റുകാർ..
സ്വയം സ്വപ്നം കാണാൻ പഠിപ്പക്കാതെ
ഞങ്ങളുടെ സ്വപ്നസാക്ഷാത്കാരങ്ങളിൽ
നിന്നെ ബലി അർപ്പിച്ച്, നിന്റെ കാലുകളെ ചങ്ങലക്കിട്ട
ഞങ്ങളാണു തെറ്റുകാർ…
നിന്റെ കൈ കാലുകളിൽ അതിജീവനത്തിന്റെ ശക്തി നൽകാതെ
സഹനത്തിന്റെ അടിമത്വത്തിന്റ തണുത്തുറഞ്ഞ ലാവ ഇറ്റിച്ച്
അപരന്റെ കൊലക്കളത്തിലേക്ക് ദുരഭിമാന മേലങ്കി അണിഞ്ഞ് തള്ളിവിട്ട
ഞങ്ങളാണ് തെറ്റുകാർ…
സ്നേഹത്തിന്റെ കണക്കു പറഞ്ഞ് നിന്റെ കണ്ണുനീരിന്റെ ഉറവകളെ
ഘനീഭവിപ്പിച്ച് പുഞ്ചിരി അണിയാൻ പഠിപ്പിച്ച
തെറ്റുകൾക്ക് നേരെ ചൂണ്ടുന്ന നിന്റെ കൂർപ്പിച്ച നോട്ടങ്ങളുടെ മുനയൊടപ്പിച്ച
ഞങ്ങളാണു തെറ്റുകാർ..
പ്രതികരിക്കാനാവാതെ നിന്റെ നാവ് ബന്ധിപ്പിച്ച്
സ്നേഹനൂലിൽ കോർത്തു നിന്നിലേൽപ്പിച്ച
അഭിമാനമെന്ന മിഥ്യാബോധത്തിന്റെ അമിതഭാരം തന്ന
ഞങ്ങളാണ് തെറ്റുകാർ…