കെപിസിസി നേതൃത്വത്തിനെതിരെ രംഗത്ത് വന്ന എംപിമാരടക്കമുള്ളവര്‍ക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രന് ഹൈക്കമാന്‍ഡിന് പരാതി നല്കി. ബെന്നി ബഹനാന്, കെ മുരളീധരന്, കെ സുധാകരന്, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ ഡല്‍ഹി വിട്ട് കേരളത്തിലേക്ക് വരാനുള്ള മോഹവുമായി ഇറങ്ങിയിരിക്കുകയാണെന്നും ഇത് അംഗീകരിക്കരുതെന്നും മുല്ലപ്പള്ളി പരാതിയില്‍ ആവശ്യപ്പെട്ടു.
ചുമതലകള്‍ രാജിവച്ച് കലാപത്തിന് ഇറങ്ങിയവരെ ഒറ്റപ്പെടുത്താന്‍ മുല്ലപ്പള്ളി, ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവര്‍ ധാരണയിലെത്തിയതിന് പിന്നാലെയാണ് പരാതി അയച്ചത്. ഇവര്‍ കേരളത്തിലേക്ക് വരാന്‍ ആസൂത്രിത നീക്കമാണ് നടത്തുന്നതെന്നും മുല്ലപ്പള്ളി ഹൈക്കമാന്‍ഡിനെ അറിയിച്ചു.
കെ മുരളീധരന്, അടൂര്‍ പ്രകാശ്, കെ സുധാകരന് എന്നിവര്‍ നിയമസഭയില്‍ മത്സരിക്കാന്‍ നേരത്തെ നീക്കം തുടങ്ങിയിരുന്നു. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജിവച്ച ബെന്നി ബഹനാനും കൊടിക്കുന്നില്‍ സുരേഷും നിയമസഭാ സ്ഥാനാര്‍ഥി മോഹികളാണ്. ഇതിനുപിന്നാലെ മുല്ലപ്പള്ളി രാമചന്ദ്രന് കര്‍ശന നിലപാടുമായി രംഗത്ത് വന്നത് തമ്മിലടി രൂക്ഷമാക്കി.
എംപിമാരെ ഒരു കാരണവശാലും നിയമസഭയിലേക്ക് മത്സരിപ്പിക്കില്ലെന്ന മുല്ലപ്പള്ളിയുടെ നിലപാടിനെ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പിന്തുണച്ചു. കെപിസിസി സെക്രട്ടറിമാര്‍ ചുമതലയേറ്റ ചടങ്ങിലാണ് നേതൃത്വത്തിനെതിരെ നിലപാട് എടുത്തവരെ തള്ളി ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ചത്.
അതേസമയം, പാര്‍ടിയില്‍ വിചാരിച്ചപോലെ കാര്യങ്ങള്‍ മുന്നോട്ടുപോയില്ലെന്ന കുറ്റസമ്മതവും മുല്ലപ്പള്ളി നടത്തി. പുനഃസംഘടനയില്‍ എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.