മദീന: ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്‍െറ ഭാര്യയെയും കുഞ്ഞിനെയും താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിജുവിന്‍െറ ഭാര്യ ലക്ഷ്മി ദേവി ആറു മാസം പ്രായമായ കുഞ്ഞ്​ എന്നിവരാണ് മരിച്ചത്.

മൂക്കിന് രോഗം വന്നത് ചികിത്സിക്കാനായി നാല് ദിവസങ്ങള്‍ക്കു മുമ്ബ് ബിജു ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു. ഇദ്ദേഹം വ​െന്‍റിലേറ്ററില്‍ അത്യാസന്ന നിലയിലാണെന്ന്‌ പറയപ്പെടുന്നു. ബിജുവിന്‍െറ എഴുപത് വയസ് പ്രായമായ അമ്മയും ഇവരോടൊപ്പം ഒന്നിച്ചു താമസിക്കുന്നുണ്ട്. ഇവര്‍ ഫ്‌ളാറ്റിന് പുറത്തു ദീര്‍ഘസമയം നില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ട അടുത്ത ഫ്ലാറ്റുകളിലെ താമസക്കാര്‍ വിവരമന്വേഷിച്ചപ്പോള്‍ ഫ്‌ളാറ്റ് അകത്തുനിന്നും പൂട്ടിയതായും തനിക്ക് അകത്ത് പ്രവേശിക്കാന്‍ കഴിയുന്നില്ലെന്നും ഇവര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി ഫ്ലാറ്റ് പരിശോധിച്ചപ്പോഴാണ് യുവതിയെയും കുഞ്ഞിനെയും അകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരിച്ചവരെ മീഖാത്ത് ആശുപത്രി മോര്‍ച്ചറിയിലേക്കും ബിജുവിന്‍െറ അമ്മയെ ആശുപത്രിയിലേക്കും മാറ്റി. മദീന വിമാനത്താവളത്തില്‍ വണ്ടര്‍ലാ എന്ന കമ്ബനിക്ക് കീഴില്‍ എട്ടു വര്‍ഷങ്ങളായി ടെക്‌നീഷ്യനായി ജോലി ചെയ്തുവരികയാണ് ബിജു. ഇദ്ദേഹത്തിന്‍െറ ഭാര്യ ലക്ഷ്മി മണിപ്പൂര്‍ സ്വദേശിനിയാണ്. മൃതദേഹങ്ങളുമായി ബന്ധപ്പെട്ട മറ്റു നടപടിക്രമങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.