സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിലെ ഡ്രൈവർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഡ്രൈവർ പനിയും ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിച്ചിരുന്നു.

ഇന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളും നിരീക്ഷണത്തിലാണ്. മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുമെന്നാണ് വിവരം.

പ്രത്യേക പ്രതിനിധി സംഘം ആയിരിക്കും മന്ത്രിയെ പരിശോധിക്കുക. മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ മന്ത്രിക്ക് പ്രത്യേക പരിചരണം ആവശ്യമാണ്. കൊവിഡ് സ്ഥിരീകരിക്കുന്ന സംസ്ഥാനത്തെ നാലാമത്തെ മന്ത്രിയാണ് എം എം മണി. നേരത്തെ ഇ പി ജയരാജൻ, തോമസ് ഐസക്, വി എസ് സുനിൽ കുമാർ എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് വി എസ് സുനിൽ കുമാർ ആശുപത്രി വിട്ടത്.