ന്യൂഡല്‍ഹി/തിരുവനന്തപുരം: വിദേശത്തുനിന്ന് ഇന്ത്യയിലേക്കു തിരിച്ചെത്തുന്നവര്‍ 14 ദിവസം നിര്‍ബന്ധമായും ക്വാറെന്റെന്‍ കേന്ദ്രങ്ങളില്‍ കഴിയണമെന്നു കേന്ദ്ര സര്‍ക്കാര്‍. തുടര്‍ന്നു നടത്തുന്ന കോവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവാകുന്നവര്‍ക്കു 14 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയാമെന്നുള്ള രേഖാമൂലമുള്ള ഉറപ്പില്‍ വീട്ടിലേക്കു പോകാം. ശേഷിക്കുന്നവരെ സംസ്ഥാനത്തെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കേരളത്തിലെത്തുന്ന പ്രവാസികള്‍ ഏഴു ദിവസം നിര്‍ബന്ധമായും സര്‍ക്കാരിന്റെ ക്വാറെന്റെന്‍ കേന്ദ്രത്തില്‍ കഴിയണമെന്ന് ഇന്നലെ െവെകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണു ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നിയമപ്രകാരം ആഭ്യന്തര മന്ത്രാലയം വിശദമായ നടപടിക്രമം പുറത്തിറക്കിയത്.

സ്വന്തം ചെലവില്‍ കുറഞ്ഞത് 14 ദിവസം ക്വാറെന്റെന്‍ കേന്ദ്രത്തില്‍ കഴിയണമെന്നു രേഖാമൂലം നല്‍കുന്ന ഉറപ്പിലായിരിക്കും വിദേശത്തുനിന്നു കപ്പലിലോ വിമാനത്തിലോ കൊണ്ടുവരിക. യാത്രയ്ക്കു മുമ്ബ് താപനില പരിശോധിക്കും. കോവിഡ് ലക്ഷണങ്ങളില്ലെങ്കിലേ പുറപ്പെടാന്‍ അനുവദിക്കൂ. ഇന്ത്യയിലെത്തുമ്ബോള്‍ രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കും. ശേഷിക്കുന്നവരെ ക്വാറെന്റെന്‍ കേന്ദ്രങ്ങളിലേക്കും- കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം, പ്രവാസികളെ കോവിഡ് പരിശോധനയില്ലാതെ എത്തിക്കുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അതൃപ്തി അറിയിച്ചു. അതിനാലാണ് ഏഴു ദിവസം ക്വാറെന്റെന്‍ നിര്‍ബന്ധമാക്കുന്നത്. ഏഴാം ദിവസം പി.സി.ആര്‍. ടെസ്റ്റ് ഫലം നെഗറ്റീവായാല്‍ വീട്ടിലേക്കു വിടും. അവിടെയും മറ്റുള്ളവരുമായി സമ്ബര്‍ക്കം ഒഴിവാക്കി നിരീക്ഷണത്തില്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.

ക്വാറെന്റെനില്‍ കഴിയുന്നവരുടെ പരിശോധനയ്്ക്കായി രണ്ടുലക്ഷം ആന്റിബോഡി ടെസ്റ്റ് കിറ്റിന് ഓര്‍ഡര്‍ നല്‍കി. മാലദ്വീപില്‍നിന്ന് രണ്ടും യു.എ.ഇയില്‍നിന്ന് ഒന്നും കപ്പലുകള്‍ ഉടനെത്തുമെന്നതിനാല്‍ കൊച്ചി തുറമുഖ ട്രസ്റ്റുമായി ബന്ധപ്പെട്ട് ക്രമീകരണമൊരുക്കി. കപ്പലിലെത്തുന്നവരില്‍ മറ്റ് സംസ്ഥാനക്കാരുണ്ടെങ്കില്‍ അവരെ അവിടേക്കയയ്ക്കും. വിദേശത്ത്‌നിന്ന് വരുന്നവരെ താമസിപ്പിക്കാന്‍ അവരുടെ ജില്ലയിലെ ക്വാറെന്റെന്‍ കേന്ദ്രങ്ങള്‍ ഉപയോഗിക്കും. എല്ലാ ജില്ലകളിലുമായി ഇത്തരം 2.5 ലക്ഷം കിടക്കകള്‍ക്ക് സൗകര്യം കണ്ടെത്തി.

1,63,000 കിടക്കകള്‍ ഉപയോഗക്ഷമമായി. ബാക്കിയുള്ളവ പൂര്‍ണ സജ്ജമാക്കാന്‍ നിര്‍ദേശിച്ചു. വികേന്ദ്രീകൃതമായ ക്വാറെന്റെന്‍ സംവിധാനമാകും ഉണ്ടാവുക. ആവശ്യമെങ്കില്‍ ഒഴിഞ്ഞുകിടക്കുന്ന വീടുകളും ഇതിനുപയോഗിക്കും. ഈ മാസം അവസാനിക്കുമ്ബോള്‍ 60,000 പി.സി.ആര്‍. ടെസ്റ്റുകള്‍ നടത്താനാവും. വിമാനങ്ങളുടെ എണ്ണം കൂടുന്നതോടെ ഓരോ ആഴ്ചയിലും 20,000 പേര്‍ എത്തുമെന്നാണു കണക്ക്. അവരെയെല്ലാം പരിശോധിക്കാനും ക്വാറെന്റെന്‍ ചെയ്യാനുമുള്ള ദൗത്യമാണ് ഏറ്റെടുക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.