തിരുവനന്തപുരം: ലോക്ക്ഡൗണ്‍ മൂലം മറ്റ്‌ സംസ്ഥാനങ്ങളില്‍ കുടുങ്ങിയവര്‍ക്ക് കേരളത്തിലേക്ക് മടങ്ങാന്‍ കേരള ടൂറിസം വകുപ്പിന്റെ ഓണ്‍ലൈന്‍ സംവിധാനം. ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴി വാഹന സൗകര്യം ഒരുക്കിയാണ് അന്യസംസ്ഥാനങ്ങളിലുള്ള പ്രവാസി മലയാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അവസരമൊരുക്കുന്നത്.

വാഹനം ആവശ്യമുള്ളവര്‍ക്ക് https://www.keralatourism.org എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ആവശ്യാനുസരണമുള്ള വാഹനവും തെരഞ്ഞെടുക്കാം. യാത്രക്കാര്‍ക്ക് രജിസ്റ്റര്‍ നമ്ബറും തെരഞ്ഞെടുക്കുന്ന ഓപ്പറേറ്ററെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്ബറും ലഭ്യമാക്കും. ടൂര്‍ ഓപറേറ്റര്‍ക്ക് യാത്രക്കാരുടെ വിവരങ്ങള്‍ ഇ-മെയില്‍ വഴി കൈമാറും. പരസ്പരം ബന്ധപ്പെട്ട് യാത്ര സംബന്ധിച്ച വിവരങ്ങളും യാത്രാക്കൂലിയും നിശ്ചയിക്കാം.

150ല്‍പരം ട്രാന്‍സ്പോര്‍ട്ട്-ടൂര്‍ ഓപ്പറേറ്റര്‍മാരുടെ രജിസ്ട്രേഷന്‍ ഇതിനോടകം ഉറപ്പാക്കിയതായി ടൂറിസം വകുപ്പ് അധിക‍ൃതര്‍ അറിയിച്ചു. കൂടുതല്‍ ഓപറേറ്റര്‍മാരുടെ രജിസ്ട്രേഷന്‍ വരുംദിവസങ്ങളില്‍ ഉറപ്പാക്കും. 5897 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന 500 ഓളം വാഹനങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. ബസുകള്‍, ട്രാവലര്‍, ഇന്നോവ, എര്‍ട്ടിഗ, സ്വിഫ്റ്റ് പോലുള്ള കാറുകള്‍ എന്നവ ഇതിനകം തയാറായിട്ടുണ്ട്.

ഓപ്പറേറ്റര്‍മാര്‍ക്ക് http://www.keralatourism.org/to-data-collections/tour-operator/ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാനാകും.