മലപ്പുറം: ജില്ലയില്‍ എട്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ അര്‍ബുദ ബാധിതയായി ചികിത്സയിലിരിക്കെ മരിച്ച യുവതിയുള്‍പ്പെടെയാണിത്. അതേസമയം, എട്ടു പേര്‍ ജില്ലയില്‍ രോഗമുക്തി നേടി. ജൂണ്‍ രണ്ടിന് കോഴിക്കോട് സ്വകാര്യ അശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെ മരിച്ച എടപ്പാള്‍ സ്വദേശിനി, ദുബായില്‍ നിന്ന് ഇവരുടെ കൂടെയെത്തിയ ഭര്‍ത്താവ്, ഭര്‍ത്താവിന്റെ സഹോദരി എന്നിവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

ഇവര്‍ക്ക് പുറമെ ദുബായി, കുവൈത്ത്, ഖത്തര്‍, മുംബൈ എന്നിവിടങ്ങളില്‍ നിന്നെത്തിയ നാല് പേര്‍ക്കും ഒരു എയര്‍ ഇന്ത്യ ജീവനക്കാരനും രോഗബാധ സ്ഥിരീകരിച്ചു. ദുബായില്‍ നിന്ന് എത്തിയ വളാഞ്ചേരി മുക്കിലപ്പീടിക സ്വദേശി ഖത്തറില്‍ നിന്ന് എത്തിയ പെരുമ്ബടപ്പ് സ്വദേശി, കുവൈത്തില്‍ നിന്ന് എത്തിയ താഴേക്കോട് അരക്കുപറമ്ബ് സ്വദേശി, മുംബൈയില്‍ നിന്ന് എത്തിയ താനൂര്‍ പനങ്ങാട്ടൂര്‍ സ്വദേശി , മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ദുബായില്‍ നിന്ന് എത്തിയ പാലക്കാട് വല്ലപ്പുഴ സ്വദേശി എന്നിവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

ജില്ലയില്‍ 148 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 88 പേരാണ് ചികിത്സയില്‍ കഴിയുന്നത്.