തിവു തെറ്റാതെ കോട്ടയം മലരിക്കലിൽ ആമ്പലുകൾ പൂവിട്ടുതുടങ്ങി. ആമ്പൽ വസന്തം കാണാൻ സഞ്ചാരികൾ പ്രവഹിക്കാൻ തുടങ്ങിയതോടെ മലരിക്കൽ വീണ്ടും കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. കഴിഞ്ഞ വർഷം 3 മാസം കൊണ്ട് മാത്രം ഒരു കോടിയിലേറെ രൂപയാണ് പ്രദേശത്ത് നിന്ന് ലഭിച്ചതെന്നാണ് മലരിക്കൽ ടൂറിസം സൊസൈറ്റിയുടെ കണക്ക്. പ്രദേശവാസികളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൊസൈറ്റി കണക്കുകൾ തയ്യാറാക്കിയിരിക്കുന്നത്.

പാർക്കിങ് ഫീസ്, പൂ വിൽപന, വള്ളത്തിൽ യാത്ര ചെയ്യാനുള്ള ഫീസ് എന്നിങ്ങനെയാണു വരുമാനം. ഇത് നേരിട്ട് പ്രദേശവാസികൾക്ക് തന്നെ ലഭിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഓഗസ്റ്റ് മുതൽ ഒക്ടോബർ പകുതി വരെയാണു മലരിക്കൽ ആമ്പൽ വസന്തം. ഇത്തവണ സെപ്റ്റംബർ 30 വരെ ആമ്പൽക്കാഴ്ചകൾ ഉണ്ടാവും. തൊട്ടടുത്ത തിരുവായ്ക്കരി പാടത്താണ് ഏറ്റവും കൂടുതൽ ആമ്പലുകളുള്ളത്.

ഒക്ടോബർ 15 വരെ അവിടെ വള്ളങ്ങളിൽ ആമ്പൽപ്പാടം സന്ദർശിക്കാനാകും. 120 വള്ളങ്ങൾ ഈ വർഷം മലരിക്കൽ ടൂറിസം സൊസൈറ്റിയിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു മണിക്കൂറിന് ഒരാൾക്ക് 100 രൂപയാണു പഞ്ചായത്ത് നിശ്ചയിച്ചിരിക്കുന്നത്. ഇതിനു പുറമേ കൂടുതൽ ദൂരം പോകണമെങ്കിൽ 1000 രൂപ നിരക്കിൽ വള്ളം ലഭിക്കും.

തിരുവാർപ്പ് പഞ്ചായത്തിലെ 1800 ഏക്കറുള്ള ജെ ബ്ലോക്ക് ഒൻപതിനായിരം, 950 ഏക്കറുള്ള തിരുവായിക്കരി പാടശേഖരത്താണ് ആമ്പലുകൾ വിരിയുന്നത്. എല്ലാ വർഷവും കൊയ്ത്ത് കഴിഞ്ഞ് പാടത്ത് വെള്ളം കയറ്റുമ്പോഴാണ് ആമ്പൽ കിളിർത്തുടങ്ങുന്നത്. വർഷത്തിൽ ഒരിക്കൽ മാത്രമാണ് പൂ വിരിയുന്നത്. ഒക്ടോബർ പകുതി മുതൽ മാർച്ച് വരെ നെൽകൃഷിയായിരിക്കും. രാവിലെ 6 മുതൽ 10 വരെയാണു മലരിക്കലിൽ ആളുകൾ എത്തുന്നത്. പത്തുമണിക്ക് ശേഷം പൂക്കൾ വാടും.