ചെന്നൈ : മഹാരാഷ്ട്രക്ക് പിന്നാലെ നാളെ മുതല്‍ ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ പുന:രാരംഭിക്കാന്‍ തീരുമാനിച്ച്‌ തമിഴ്‌നാട്. തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ചെന്നൈ, കോയമ്ബത്തൂര്‍, തിരുച്ചിറപ്പള്ളി, മധുര എന്നീ വിമാനത്താവളങ്ങളില്‍ നിന്നുമാണ് നാളെ വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുക.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ മാസം 31 വരെ ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ അനുവദിക്കില്ലെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഈ നിലപാട് തിരുത്തുകയായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും ചൊവ്വാഴ്ചയാണ് കേരളത്തിലേക്കുള്ള ആദ്യവിമാനം സര്‍വ്വീസ് നടത്തുക.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ആഭ്യന്തര വിമാന സര്‍വ്വീസ് നാളെ മുതലാണ് പുന:രാംഭിക്കുന്നത്. കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ഈ മാസം 31 വരെ വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കുമെന്ന് മഹാരഷ്ട്രയും അറിയിച്ചിരുന്നു. പിന്നീട് ഈ തീരുമാനം മാറ്റുകയായിരുന്നു. 25 വിമാനങ്ങളാണ് നാളെ മഹാരാഷ്ട്രയില്‍ നിന്നും സര്‍വ്വീസ് നടത്തുക.

അതേസമയം നാളെ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കില്ലെന്ന നിലപാടാണ് മമത സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഈ മാസം 28 മുതലേ സംസ്ഥാനത്ത് വിമാനസര്‍വ്വീസുകള്‍ ആരംഭിക്കുകയുള്ളൂ എന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു.