മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 20,419 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 13,21,176 ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് നിലവില്‍ 2,69,119 പേരാണ് വിവിധ ആശുപത്രികളിലായി ചികില്‍സയില്‍ കഴിയുന്നത്. 10,16,450 പേര്‍ രോഗമുക്തരായി.

ശനിയാഴ്ച മാത്രം 430 പേര്‍ മരിച്ചു. ഇതുവരെ കൊവിഡ് ബാധിച്ച്‌ 35,191 പേര്‍ മരിച്ചു.

മഹാരാഷ്ട്രയില്‍ രണ്ടാം കൊവിഡ് തരംഗം ആരംഭിച്ചതായാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ അയഞ്ഞതിന്റെ ഭാഗമാണ് ഇതെന്ന് അദ്ദേഹം പറയുന്നു. രോഗലക്ഷണമില്ലാത്ത കൊവിഡ് രോഗികളുടെ വര്‍ധനവാണ് മറ്റൊരു പ്രശ്‌നം. ജനങ്ങള്‍ ആരോഗ്യനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. രോഗം മൂലം മരിക്കുന്നവരുടെ എണ്ണം കുറയ്ക്കുകയെന്നതാണ് പുതിയ തന്ത്രമെന്നും അദ്ദേഹം വിശദീകരിച്ചു.

ബ്രിട്ടനില്‍ രോഗലക്ഷണമില്ലാത്തവര്‍ വീടുകളില്‍ കഴിയുന്നതോടൊപ്പം ദിവസവും പരിശോധന നടത്തുകയും വേണം. വേണ്ടി വന്നാല്‍ ആശുപത്രിയിലേക്ക് മാറ്റും. എന്നാല്‍ ഇന്ത്യയില്‍ രോഗലക്ഷണമില്ലാത്തവരോട് വീടുകളില്‍ കഴയാന്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും അവര്‍ പുറത്തിറങ്ങി നടക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

അതിനിടയില്‍ ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 59 ലക്ഷം കടന്നു. ഇന്നലെ മാത്രം 85,362 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ സമയത്ത് 1,089 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ മരിച്ചവരുടെ എണ്ണം 93,379 ആയി മാറി.