മുംബൈ: മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളില്‍ നിന്ന് കോവിഡ് സാമൂഹിക വ്യാപനത്തിന്റെ ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് സ്റ്റേറ്റ് ഡീസിസ് സര്‍വലന്‍സ് ഓഫീസര്‍ ഡോ. പ്രദീപ് അവാതെ. എങ്കിലും മഹാരാഷ്ട്രയെ ഒന്നടങ്കം പരിശോധിച്ചാല്‍ ഓരോ ക്ലസ്റ്ററുകളായാണ് രോഗവ്യാപനം ഉണ്ടായതെന്ന് ബോധ്യമാകുമെന്നും പ്രദീപ് അവാതെ പറയുന്നു.
മുംബൈ ഉള്‍പ്പെടെ മഹാരാഷ്ട്രയില്‍ ഒന്നടങ്കം കൂട്ടത്തോടെയുളള കൊറോണ വൈറസ് കേസുകളാണ് കണ്ടെത്തിയത്. മുംബൈയില്‍ മാത്രമല്ല, മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സാമൂഹിക വ്യാപനത്തിന്റെ ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ജനസാന്ദ്രത കൂടിയ പ്രദേശമാണ് എന്നതാണ് മുംബൈയില്‍ കോവിഡ് കേസുകള്‍ ഉയരാനുളള പ്രധാന കാരണം. ഓരോ കേസുകളും ആഴത്തില്‍ പരിശോധിച്ചെങ്കില്‍ മാത്രമേ ഏത് രീതിയിലാണ് സാമൂഹിക വ്യാപനം നടന്നിട്ടുള്ളത് എന്ന് കണ്ടെത്താന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.കോവിഡ് ബാധിതര്‍ തമ്മില്‍ ബന്ധപ്പെട്ടതെങ്ങനെയെന്ന് കണ്ടെത്തണം. യാത്രാ വിവരങ്ങള്‍, കുടുംബ വിവരങ്ങള്‍ തുടങ്ങി എല്ലാ കാര്യങ്ങളും പഠിക്കേണ്ടതുണ്ടെന്നും അവാതെ വ്യക്തമാക്കി.
മറ്റു സ്ഥലങ്ങളില്‍ നിന്ന് വ്യത്യസ്തമായ സ്ഥലമാണ് രാജ്യത്തിന്റെ സാമ്ബത്തിക തലസ്ഥാനമായ മുംബൈ. ജനസാന്ദ്രത കൂടിയ സ്ഥലമാണ്. സാമൂഹികമായും സാമ്ബത്തികമായും ഏറെ വ്യത്യസ്ത പുലര്‍ത്തുന്ന സ്ഥലം കൂടിയാണ് മുംബൈയെന്നും പ്രദീപ് അവാതെ പറയുന്നു. രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രമുഖ നഗരമാണ് മുംബൈ.
മഹാരാഷ്ട്രയില്‍ 22,171 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 832 പേര് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. മുംബൈയില്‍ മാത്രം 13,564 കോവിഡ് കേസുകളും 508 മരണവും റിപ്പോര്‍ട്ട് ചെയ്തു.